'ശിവകുമാറിനെതിരായ ആ കത്ത് ഞാനെഴുതിയതല്ല, പരാജയഭീതിയിൽ ആർഎസ്എസ് ഗൂഢാലോചന': സിദ്ധരാമയ്യ 

By Web Team  |  First Published May 9, 2023, 2:02 PM IST

പരാജയഭീതി മൂലം ബിജെപി വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 


ബംഗ്ലൂരു : കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ താൻ എഴുതിയതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് ബിജെപിയുടെ വ്യാജപ്രചാരണമാണെന്ന് ആരോപിച്ച് കോൺഗ്രസ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് ആർഎസ്എസ് ഗൂഢാലോചനയാണെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. ഡി കെ ശിവകുമാർ സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കുന്നുവെന്നും കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമാണ് കത്തിലെ ആരോപണം. എന്നാൽ  പരാജയഭീതി മൂലം ബിജെപി വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും അത്തരത്തിലൊരു കത്ത് താൻ എഴുതിയിട്ടില്ലെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. 

തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിയ കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് സ്ഥാനാർത്ഥികൾ നടത്തുന്നത്. നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Latest Videos

നിശ്ശബ്ദപ്രചാരണദിവസവും ബജ്‍രംഗദൾ നിരോധനവും ഹനുമാനും തന്നെയാണ് ബിജെപിയും കോൺഗ്രസും പ്രചാരണ വിഷയമാക്കുന്നത്. ഇന്ന് രാവിലെ ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിജെപി പ്രവർത്തകരോടൊപ്പം ക്ഷേത്രത്തിൽ പൂജകൾ നടത്തി, ഹനുമാൻ ചാലീസ ചൊല്ലി പ്രാർഥിച്ചു. ബെംഗളുരു നഗരത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയുടെ നേതൃത്വത്തിൽ മുതിർന്ന ബിജെപി നേതാക്കൾ വിവിധ ഹനുമാൻ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പൂജകളടക്കം നടത്തി. ജയ് ശ്രീറാം വിളികളോടെയായിരുന്നു ബിജെപി നേതാക്കളുടെ ക്ഷേത്ര പര്യടനം. അതേസമയം, കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ബെംഗളുരുവിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പ്രാർഥനകൾ നടത്തി. വൈകിട്ട് മൈസുരുവിലെത്തുന്ന ഡികെയും സിദ്ധരാമയ്യയും ചേർന്ന് ചാമുണ്ഡി ഹിൽസിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തി പ്രാർഥിക്കും. 

read more കർണാടകയുടെ പരമാധികാരം എന്ന സോണിയാ ഗാന്ധിയുടെ പരാമർശം; പിസിസി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 

click me!