രാജ്യത്തെ 440 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതൽ; സിജിഡബ്ല്യുബി പഠനം

By Web Desk  |  First Published Jan 3, 2025, 6:50 AM IST

ഉയർന്ന നൈട്രേറ്റിൻ്റെ അളവ് ശിശുക്കളിൽ ബ്ലൂ ബേബി സിൻഡ്രോം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും


ദില്ലി: ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തൽ. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവിൽ കൂടുതലാണ് നൈട്രേറ്റെന്ന് സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് (സിജിഡബ്ല്യുബി) റിപ്പോർട്ടിൽ പറയുന്നു.

നൈട്രേറ്റ് കൂടുന്നത് പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് നൈട്രജൻ അധിഷ്ഠിത രാസവളങ്ങൾ ഉപയോഗിക്കുന്ന കാർഷിക മേഖലകളിൽ. വാർഷിക ഭൂഗർഭ ജല ഗുണനിലവാര റിപ്പോർട്ട് പ്രകാരം 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായ പരിധിക്ക് മുകളിൽ ഫ്ലൂറൈഡിൻ്റെ അളവ് ഉണ്ടെന്നും 3.55 ശതമാനം ആർസെനിക് സാന്നിധ്യമുണ്ടെന്നും പറയുന്നു.

Latest Videos

2023 മെയ് മാസത്തിൽ ഭൂഗർഭജലത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി രാജ്യവ്യാപകമായി 15,259 നിരീക്ഷണ സ്ഥലങ്ങൾ തെരഞ്ഞെടുത്തു. ഇതിൽ 25 ശതമാനം കിണറുകളും വിശദമായി പഠിച്ചു. കുടിവെള്ളത്തിനായി ലോകാരോഗ്യ സംഘടനയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും നിശ്ചയിച്ചിട്ടുള്ള ലിറ്ററിന് 45 മില്ലിഗ്രാം എന്ന നൈട്രേറ്റ് പരിധി 20 ശതമാനം ജലസാമ്പിളുകളിലും കവിഞ്ഞതായി കണ്ടെത്തി.

രാജസ്ഥാൻ, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ 40 ശതമാനത്തിലധികം സാമ്പിളുകളിലും നൈട്രേറ്റ് അംശം കൂടുതലായിരുന്നു. അതേസമയം മഹാരാഷ്ട്ര 35.74 ശതമാനം, തെലങ്കാന 27.48 ശതമാനം, ആന്ധ്രാപ്രദേശ് 23.5 ശതമാനം, മധ്യപ്രദേശ് 22.58 എന്നിങ്ങനെയായിരുന്നു കണക്ക്. എന്നാൽ കേരളം, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ കുറഞ്ഞ ശതമാനം രേഖപ്പെടുത്തി.അരുണാചൽ പ്രദേശ്, അസം, ഗോവ, മേഘാലയ, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിലും എല്ലാ സാമ്പിളുകളും സുരക്ഷിതമായ പരിധിയിലാണ്.

ഉയർന്ന നൈട്രേറ്റിൻ്റെ അളവ് ശിശുക്കളിൽ ബ്ലൂ ബേബി സിൻഡ്രോം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഭൂഗർഭ ജലത്തിലെ ഉയർന്ന നൈട്രേറ്റിൻ്റെ അളവ് അമിതമായ ജലസേചനത്തിൻ്റെ ഫലമാകാമെന്നാണ് കണ്ടെത്തൽ. അമിത ജലസേചനം  രാസവളങ്ങളിൽ നിന്നുള്ള നൈട്രേറ്റുകളെ മണ്ണിലേക്ക് ആഴത്തിൽ തള്ളിവിടും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!