നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി; വിശാല സഖ്യ സർക്കാർ ചുമതലയേറ്റു

By Web Team  |  First Published Aug 10, 2022, 2:45 PM IST

ബിജെപി അടിച്ചമർത്താൻ ശ്രമിച്ചെന്ന് നിതീഷ് കുമാർ;  ബിഹാർ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് റാബറി ദേവി


റാ‌ഞ്ചി: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റു. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി അടിച്ചമർത്താൻ ശ്രമിച്ചെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിതീഷ് കുമാർ പറ‌ഞ്ഞു. ബിഹാർ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചെന്ന് മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായി റാബറി ദേവി പ്രതികരിച്ചു. 

Latest Videos

35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. വകുപ്പുകളില്‍ ചിത്രം തെളിയുന്നതോടെ മറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയേക്കും. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ പ്രതിപക്ഷം അവതരിപ്പിച്ചാല്‍ ഈ ഫോര്‍മുല പ്രാവര്‍ത്തികമായേക്കും.

ബീഹാറില്‍ മുഖ്യമന്ത്രി പദം പങ്കുവച്ചേക്കും? 2023 വരെ നിതീഷ് പിന്നീട് തേജസ്വി ഭരിക്കും

ഒരു വര്‍ഷവും ഒമ്പത് മാസവും മാത്രം പ്രായമായ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് നിതീഷ് രാജി സമര്‍പ്പിച്ചതോടെ വീണത്. അധികാരമേറ്റത് മുതല്‍ ബിജെപിയുമായുള്ള കലഹിച്ച നിതീഷ് ഒടുവിൽ അനിവാര്യമായ രാജിയിലേക്ക് എത്തുകയായിരുന്നു. ഇന്നലെ രാവിലെ ചേര്‍ന്ന ജെഡിയു ജനപ്രതിനിധികളുടെ യോഗത്തില്‍ ഇനി ബിജെപിയുമായി ഒത്തു പോകാനാകില്ലെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. ഏത് നിമിഷവും പാര്‍ട്ടി ശിഥിലമാകാമെന്ന് എംഎല്‍എമാരും മുന്നറിയിപ്പ് നല്‍കി. പിന്നാലെ ആര്‍ജെഡിയും കോണ്‍ഗ്രസും സംയുക്ത യോഗം ചേര്‍ന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. തുടർന്ന് 164  എംഎല്‍എമാര്‍ പിന്തുണച്ച കത്തുമായി ഗവര്‍ണര്‍ ഫാഗു ചൗഹാനെ കണ്ട് രാജി നിതീഷ് രാജി സമർപ്പിക്കുകയായിരുന്നു. ബിജെപി ഒഴികെയുള്ള കക്ഷികളെല്ലാം നിതീഷ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്ത് ബിജെപി ഇന്ന് വഞ്ചനാദിനം ആചരിക്കുകയാണ്. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചിച്ചെന്ന ആക്ഷേപവുമായി ജില്ലാതലങ്ങളിൽ ബിജെപി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. പ്രചാരണം താഴേ തട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്തും. മുൻ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു. ബിജെപി നിലപാട് കടുപ്പിക്കുമ്പോള്‍ ഇടഞ്ഞുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരുമായി എങ്ങനെ യോജിച്ച് മുന്‍പോട്ടു പോകുമെന്നത് നിതീഷ് കുമാറിന്  വെല്ലുവിളിയാണ്. അധികാരം കിട്ടുമ്പോള്‍ ആര്‍ജെഡി അഴിമതി തുടങ്ങുമെന്ന അപവാദത്തില്‍ ജാഗ്രത സ്വീകരിക്കേണ്ടതും പ്രധാനമാണ്

 

click me!