'നിതീഷിന് കാര്യം മനസിലായി'; നാക്കുപിഴ ആയുധമാക്കി ഇന്ത്യ മുന്നണി

By Web Team  |  First Published May 27, 2024, 10:32 PM IST

രാഷ്ട്രീയ നിലപാടില്ലായ്മയും തൊഴിലില്ലായ്മയും ഭരണവിരുദ്ധതയും ബിഹാറില്‍ തിരിച്ചടിക്കുമെന്നാണ് നിരീക്ഷകരുടെ വാദം


പട്ന: ബിഹാറിലെ 40 സീറ്റില്‍ 39 സീറ്റും കഴിഞ്ഞ തവണ എന്‍ഡിഎക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന് കൈപൊള്ളും എന്നാണ് നിരീക്ഷകരുടെ വാദം. രാഷ്ട്രീയ നിലപാടില്ലായ്മയും തൊഴിലില്ലായ്മയും ഭരണവിരുദ്ധതയും ബിഹാറില്‍ തിരിച്ചടിക്കുമെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎ റാലിയില്‍ നിതിഷിന്റെ നാക്കുപിഴയും ഇന്ത്യ മുന്നണിക്ക് ആയുധമായി.

"നമ്മൾ നാനൂറിലധികം സീറ്റുകളിൽ വിജയിച്ചു കൊണ്ട് വീണ്ടും അധികാരത്തിലെത്തണം. ബഹുമാനപ്പെട്ട നരേന്ദ്ര മോദി മുഖ്യമന്ത്രിയാവണം. അങ്ങനെ വന്നാൽ ഇന്ത്യയിലും ബിഹാറിലും വികസനമുണ്ടാവും"- നിതീഷ് കുമാറിന്റെ ഈ നാക്കുപിഴ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നിതീഷിന് കാര്യം മനസിലായി എന്നാണ് വിഡിയോ പങ്കുവച്ച് ഇന്ത്യ മുന്നണി നേതാക്കളുടെ കമന്റുകള്‍. മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപിക്ക് തിരിച്ചടി ഉണ്ടായാല്‍ അതിന് പ്രധാന കാരണം സഖ്യകക്ഷികളായിരിക്കും എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. തേജസ്വി യാദവ് ബിഹാറില്‍ താരപ്രചാരകനായി നിറയുമ്പോള്‍ നിതീഷിനെതിരായ ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ നിലപാടുകളിലെ ചാഞ്ചാട്ടങ്ങളും തിരിച്ചടിക്കുമോ എന്ന പേടി ബിജെപിക്കുമുണ്ട്.

Latest Videos

ബിജെപിക്കെതിരെ ഇന്ത്യ മുന്നണി കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്നും പടനയിച്ച നേതാവാണ് നിതീഷ് കുമാര്‍. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ നിന്ന നില്‍പ്പില്‍ മറുകണ്ടം ചാടി താമര ചിഹ്നം കയ്യിലേന്തി മോദിക്ക് ജയ് വിളിച്ചു. വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവെന്ന പേര് പലതവണ നിതീഷിനുണ്ടായിട്ടുണ്ട്. 1977 ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു നിതീഷിന്റെ കന്നിയങ്കം. അന്ന് ആദ്യമായും അവസാനമായും തോറ്റു. 1990 ൽ ആദ്യമായി കേന്ദ്രമന്ത്രിയായി. 2000ത്തിൽ ആദ്യമായി ബിഹാർ മുഖ്യമന്ത്രിയായി. 7 ദിവസത്തെ ഭരണശേഷം ഭൂരിപക്ഷമില്ലാതെ രാജിവച്ചു. തൊട്ടുപിന്നാലെ വാജ്പേയി മന്ത്രിസഭയിൽ കൃഷി മന്ത്രി. 2005ല്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി. 2010 ൽ വീണ്ടും ഭരണത്തുടർച്ച ലഭിച്ചു.

2015ല്‍ നിതീഷ്, ലാലുവിന്റെ ആർജെഡിയും കോൺഗ്രസുമായി ചേർന്ന് മഹാസഖ്യമുണ്ടാക്കി വമ്പന്‍ വിജയം നേടി. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നല്‍കി. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി. പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് നിതിഷ് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. പിന്നെയും മുഖ്യമന്ത്രിയായി. വീണ്ടും ബിജെപി ബന്ധം മുറിച്ച് ആര്‍ജെഡിക്കൊപ്പം. മാസങ്ങള്‍ക്കുള്ളില്‍ പിന്നെയും ബിജെപിക്കൊപ്പം. ഇങ്ങനെ തുടരുന്നു നിതീഷിന്റെ ചാഞ്ചാട്ടങ്ങള്‍. ഇത്തവണ ഇന്ത്യ സഖ്യം ബിഹാറില്‍ സീറ്റെണ്ണം കൂട്ടിയാല്‍ അത് നിതിഷിന്റെ രാഷ്ട്രീയ ഭാവിക്കുള്ള അടി കൂടിയാണ്.

മിസ ഭാരതിക്ക് വോട്ട് തേടി രാഹുൽ, പൊതുയോഗത്തിനിടെ വേദി തകർന്നു; തേജസ്വി യാദവിന് നേരിയ പരിക്ക്

click me!