'ഇത് പെൺകുട്ടികളുടെ പുതിയ പുലരി', നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ

By Web Team  |  First Published Mar 20, 2020, 6:01 AM IST

തിഹാര്‍ ജയിലിൽ വിധി നടപ്പാക്കിയ ഉടനെയായിരുന്നു നിര്‍ഭയയുടെ മാതാപിതാക്കളുടെ പ്രതികരണം. മകളുടെ ഓര്‍മ്മകൾക്കൊപ്പം നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടേയും ഓര്‍മ്മിപ്പിച്ചും പലപ്പോഴും ആശാദേവിയുടെ ശബ്ദമിടറി


ദില്ലി: നിര്‍ഭയ കേസിലെ  നാല് പ്രതികളേയും തൂക്കിലേറ്റിയ ദിവസം രാജ്യത്തെ സ്ത്രീകളുടെ ദിനമാണെന്ന് പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. തിഹാര്‍ ജയിലിൽ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കിയ ശേഷമായിരുന്നു പ്രതികരണം. ഏഴ് വര്‍ഷവും മൂന്ന് മാസവും അച്ഛനും അമ്മയും നടത്തിയ നീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയം കണ്ടതിന്റെ ആശ്വസമെല്ലാം പ്രകടിപ്പിച്ചാണ് നിര്‍ഭയയുടെ അച്ഛനും അമ്മയും അഭിഭാഷകക്ക് ഒപ്പം മാധ്യമങ്ങളെ കണ്ടത്.

മകൾ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവൾക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു. ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്നും ജുഡീഷ്യറിക്ക് നന്ദിയുണ്ടെന്നും ആശാ ദേവി പ്രതികരിച്ചു.

Latest Videos

ഇത് പെൺകുട്ടികളുടെ പുതിയ പ്രഭാതം', എന്നാണ് നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞത്. നിറഞ്ഞ കണ്ണുകളോടെയാണ് വീടിന് പുറത്തേയ്ക്ക് വന്നതെങ്കിലും അവർ മൈക്കുകൾക്ക് മുന്നിൽ, മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഒട്ടും നിയന്ത്രണം വിട്ടില്ല. ''നിർഭയയുടെ അമ്മ' എന്നാണ് നിങ്ങളെന്നെ അറിയുക. അങ്ങനെയാണ് നിങ്ങളെനിക്ക് ഒപ്പം നിന്നത്. അവളെ നിങ്ങൾ ഇപ്പോൾ വിളിക്കുന്ന പേരില്ലേ? 'നിർഭയ' എന്ന്? അതായിരുന്നു അവൾ. ഭയമില്ലാത്തവൾ. അവളിന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാൻ ഞങ്ങൾക്കായില്ല. പക്ഷേ, അവൾക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി ഞാനിതാ പറയുന്നു. 'ഒടുവിൽ എന്‍റെ മകൾക്ക് നീതി ലഭിച്ചു'. നന്ദിയുണ്ട് രാജ്യത്തെ നിയമസംവിധാനത്തിനോട്. ഞാനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകൾ എനിക്കൊപ്പമുണ്ടായിരുന്നു'', എന്ന് പറഞ്ഞവസാനിപ്പിക്കുന്നു ആശാദേവി.

തുടര്‍ന്ന് വായിക്കാം: ഒടുവില്‍ ഇന്ത്യയുടെ മകള്‍ക്ക് നീതി; നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി...

 

click me!