ഗുജറാത്തിൽ സ്റ്റീൽ ഫാക്ടറിയിൽ മണ്ണിടിഞ്ഞുവീണ് 9 മരണം; അനുശോചിച്ച് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു

By Web Team  |  First Published Oct 12, 2024, 10:16 PM IST

ഒൻപത് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തു. മരിച്ചവരിൽ മൂന്ന് പേ‍ർ രാജസ്ഥാൻ സ്വദേശികളും മറ്റുള്ളവർ ഗുജറാത്തിൽ നിന്ന് തന്നെയുള്ളവരുമാണ്.



അഹ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയിൽ മണ്ണ് ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാദി ടൗണിനടുത്തുള്ള സ്റ്റെയിൻലെ‍സ് സ്റ്റീൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവ‍ർക്കും അദ്ദേഹം ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫാക്ടറിയിൽ തൊഴിലാളികൾ ചേർന്ന്  16 അടിയോളം ആഴമുള്ള കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണതെന്ന് പൊലീസ് പറഞ്ഞു. അഗ്നിശമന സേനയും പൊലീസും ഫാക്ടറിയിലെ മറ്റ് തൊഴിലാളികളും ചേർന്ന് രണ്ട് മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തി. ഒൻപത് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തു. മരിച്ചവരിൽ മൂന്ന് പേ‍ർ രാജസ്ഥാൻ സ്വദേശികളും മറ്റുള്ളവർ ഗുജറാത്തിൽ നിന്ന് തന്നെയുള്ളവരുമാണ്. എല്ലാവരും 30 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരണപ്പെട്ടവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആശ്വാസ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം സാധ്യമാവുന്ന എല്ലാ സഹായവും എത്തിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!