Omicron Review Meeting : രോ​ഗവ്യാപനം കൂടിയ ഇടങ്ങളിൽ നൈറ്റ് കർ‍ഫ്യു; സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടണമെന്നും കേന്ദ്രം

By Web Team  |  First Published Dec 23, 2021, 10:03 PM IST

കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടണം. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


ദില്ലി: തെരഞ്ഞെടുപ്പ്,  ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രസർക്കാർ. രോഗ വ്യാപനം (Omicron) കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ (Night Curfew)  അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ (PM Modi)  നേതൃത്വത്തില്‍ അവലോകന യോഗം ദില്ലിയില്‍ നടന്നു.

കൊവിഡ് (Covid) നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടണം. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Latest Videos

undefined

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള പഴയനിയന്ത്രണ മാര്‍ഗങ്ങളിലേക്ക് തിരികെ പോകാനുള്ള കേന്ദ്ര നിര്‍ദ്ദേശം.ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം.  ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്‍റ്മെന്‍റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയന്‍റ്മെന്റ് സോണുകളിലെ  വീടുകള്‍ തോറും രോഗ നിര്‍ണ്ണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാം. പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാര്‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം. 

ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പിന്‍റെ വേഗം കൂട്ടണം. ദേശീയ ശരാശരിയേക്കാള്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീടുകളില്‍ കൂടിയെത്തി വാക്സിനേഷന്‍ നല്‍കി നിരക്ക് കൂട്ടണം. അതേ സമയം ആരോഗ്യമന്ത്രാലയം ഇന്ന്  കണക്കനുസരിച്ച് രാജ്യത്ത് 236 പേര്‍ക്ക് ഇതിനോടകം ബാധിച്ചു. 104 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.രോഗവ്യാപനത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പില്‍. വ്യാപന തീവ്രത കൂടുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളുില്‍ കേരളം ആറാമതുണ്ട് .അര്‍ഹരായ ജനസംഖ്യയില്‍ അറുപത് ശതമാനം പേര്‍ക്ക് ഇതിനോടകം  രണ്ട് ഡോസ്  വാക്സീന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.  

click me!