4 കവാടങ്ങളും തുറക്കും, 500 കോടിയുടെ കോർപ്പസ് ഫണ്ട്; ആദ്യ പരിഗണന പുരി ക്ഷേത്രത്തിന് നൽകി ഒഡിഷയിലെ പുതിയ സർക്കാർ

By Web Team  |  First Published Jun 13, 2024, 1:10 PM IST

പുരി ക്ഷേത്രത്തിന്‍റെ നാല് കവാടങ്ങളും തുറക്കാനും നാല് വാതിലുകളിലൂടെയും ഭക്തർക്ക് പ്രവേശനം അനുവദിക്കാനുമാണ് ആദ്യ തീരുമാനം.


ഭുവനേശ്വർ: ഒഡീഷയിൽ ബിജെപി സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിൽ പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രം സംബന്ധിച്ച നിർണായക തീരുമാനമെടുത്തു. പുരി ക്ഷേത്രത്തിന്‍റെ നാല് കവാടങ്ങളും തുറക്കാനും നാല് വാതിലുകളിലൂടെയും ഭക്തർക്ക് പ്രവേശനം അനുവദിക്കാനുമാണ് ആദ്യ തീരുമാനം. ക്ഷേത്രത്തിന്‍റെ അടിയന്തര ആവശ്യത്തിനായി കോർപ്പസ് ഫണ്ട് രൂപീകരിക്കാനുള്ള നിർദേശത്തിനും ആദ്യ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മോഹൻ ചരൺ മാജിയാണ് ഇക്കാര്യം അറിയിച്ചത്.

ക്ഷേത്രത്തിന്‍റെ എല്ലാ കവാടങ്ങളും തുറക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഗേറ്റുകൾ അടച്ചതുമൂലം ഭക്തർ പ്രയാസം അനുഭവിച്ചിരുന്നതായും പറഞ്ഞു. കൊവിഡ് വ്യാപന കാലത്താണ് മുൻ ബിജെഡി ഭരണകൂടം ക്ഷേത്രത്തിന്‍റെ നാല് കവാടങ്ങളും അടച്ചത്. ഭക്തർക്ക് ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ, എല്ലാ ഗേറ്റുകളും തുറക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ക്ഷേത്ര സംരക്ഷണത്തിനായി 500 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 

Latest Videos

undefined

നെല്ലിന്‍റെ താങ്ങുവില (എംഎസ്പി) ക്വിന്റലിന് 3100 രൂപയായി ഉയർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കൃത്യമായ മാർഗരേഖ തയ്യാറാക്കി സർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്‍റെ ആദ്യ 100 ദിവസത്തിനുള്ളിൽ  നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ബിജെഡി സർക്കാരിന്‍റെ സ്ത്രീശാക്തീകരണ, ശിശുക്ഷേമ പ്രവർത്തനങ്ങള്‍ പരാജയമായിരുന്നെന്നും മാജി വിമർശിച്ചു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം ബിജെഡിക്കെതിരെ ബിജെപി ആയുധമാക്കിയിരുന്നു. പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ ഒരിക്കലും സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലെ റാലിയിൽ ആരോപിച്ചിരുന്നു. ജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ അണിയിക്കാനുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രത്ന ഭണ്ഡാരം. വിശ്വാസികൾ ഏറെ പരിപാവനമായി കാണുന്ന ഇടം. 1985 ജൂലൈ 14നാണ് രത്നഭണ്ഡാരം അവസാനമായി തുറന്നത്. 2018ൽ ഭണ്ഡാരം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഈ സമയത്താണ് രത്നഭണ്ഡാരം തുറക്കാനുള്ള താക്കോൽ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. അന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വഴിവച്ച ഈ സംഭവമാണ് നവീൻ പട്നായിക് സർക്കാരിനെതിരെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കിയത്.  24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഒഡീഷയില്‍ അധികാരം പിടിച്ചത്.

'കാണാതായ താക്കോൽ' ആയുധമാക്കി ബിജെപി; പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!