ശതാബ്ദി എക്സ്പ്രസിൽ വരികയായിരുന്ന 3 യുവാക്കൾ, പൊലീസിനെ കണ്ടതും പരിഭ്രമം; ബാഗ് നോക്കിയപ്പോൾ അര കോടിയുടെ സ്വർണം

ആഡംബര ട്രെയിനുകളിലെ വിഐപി കോച്ചുകൾ തെര‌ഞ്ഞെടുത്ത് പരിശോധനകൾ വെട്ടിക്കുന്ന രീതിയുണ്ടെന്ന് വിവരം കിട്ടിയിരുന്നു. കാര്യങ്ങൾ ചോദിച്ചപ്പോൾ യുവാക്കൾക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.


അംബാല: ട്രെയിനിലെ എ.സി കോച്ചിൽ പരിശോധന നടത്തുന്നതിനിടെ മുഖത്തെ പരിഭ്രമം കണ്ട് വിശദ പരിശോധനയ്ക്ക് വിധേയരാക്കിയ രണ്ട് യുവാക്കളിൽ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കണ്ടെടുത്തു. ഇവയുടെ രേഖകളോ ഇത് എവിടെ നിന്ന്, എവിടേക്ക് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ചോ യുവാക്കൾക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും മൗനം മാത്രമായിരുന്നു മറുപടി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്.

അമൃതസറിൽ നിന്ന് ന്യൂ ഡൽഹിയിലേക്ക് വരികയായിരുന്ന ശതാബ്ദി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ ഹരിയാനയിലെ അംബാല സ്റ്റേഷനിലെത്തിയപ്പോൾ ഗവൺമെന്റ് റെയിൽവെ പൊലീസിലെ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കയറി. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ട്രെയിനുകളിൽ അടുത്തിടെയായി പരിശോധന കർശനമാക്കിയിരുന്നു. എസി കോച്ചിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് യുവാക്കളെ കണ്ട് സംശയം തോന്നിയത്. എവിടേക്ക് പോകുന്നുവെന്ന ചോദ്യത്തിനും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടപ്പോഴും മൗനം മാത്രമായിരുന്നു ഇവരിൽ നിന്ന് ഉണ്ടായത്.

Latest Videos

പൊലീസുകാർ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ രണ്ട് പേരും പരിഭ്രമിച്ചു. ഇതോടെ ഇവരുടെ ലഗേജ് പരിശോധിക്കുകയായിരുന്നു. 650 ഗ്രാം സ്വർണമാണ് ഇവർ കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഇതിന് ഏതാണ്ട് 50 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറയുന്നു. സ്വർണത്തിന്റെ ഉറവിടത്തെക്കുറിച്ചും എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതിനെ കുറിച്ചും ഇവർക്ക് മിണ്ടാട്ടമില്ല. ഒരാളുടെ ബാഗിലാണ് സ്വർണമുണ്ടായിരുന്നത്. മറ്റ് രണ്ട് പേരുടെ ബാഗുകളിൽ നിന്ന് ഏതാണ്ട് ഏഴര ലക്ഷം രൂപയുടെ നോട്ടു കെട്ടുകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്യാനും തുടർ നടപടികൾ സ്വീകരിക്കാനും വേണ്ടി ന്യൂഡൽഹി ആർപിഎഫ് പോസ്റ്റിലേക്ക് കൈമാറിയിട്ടുണ്ട്. 

ഡൽഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക‍ർശന പരിശോധന നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ലക്ഷ്യമിട്ട് വിഐപി ട്രെയിനുകളിലെ എ.സി കോച്ചുകളിൽ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു എന്നും അംബാല കന്റോൺമെന്റ് ആർപിഎഫ് ഇൻ-ചാർജ് ജാവേദ് ഖാൻ പറ‌ഞ്ഞു. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇത്തരം ട്രെയിനുകളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സീനിയർ സെക്യൂരിറ്റി കമ്മീഷണർ അരുൺ ത്രിപാഠിയും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!