ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർ 720ൽ 720 മാർക്കും നേടി ഒന്നാം സ്ഥാനത്തെത്തി. നിലവിൽ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാൻ സാധ്യതയുണ്ട്.
ദില്ലി: നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. 44 പേർക്ക് ഒന്നാം റാങ്ക് നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രി എൻടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവിൽ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാൻ സാധ്യതയുണ്ട്.
ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർ 720ൽ 720 മാർക്കും നേടി ഒന്നാം സ്ഥാനത്തെത്തി. പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്‌ടമായ സമയത്തിന് പകരമായി ഗ്രേസ് മാർക്ക് ലഭിച്ചതോടെയാണ് ആറ് പേർ ഒന്നാമതെത്തിയത്. അതിനുപുറമെ ഫിസിക്‌സിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. എൻസിഇആർടിയുടെ ടെക്സ്റ്റ് ബുക്കിലുണ്ടായിരുന്ന ഉത്തരമല്ല എൻടിഎ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ ഉണ്ടായിരുന്നത്. പരാതി ഉയർന്നതോടെ എൻടിഎ നൽകിയ ഗ്രേസ് മാർക്ക് പ്രകാരം 44 പേർ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ശരിയുത്തരം ഒന്നേയുള്ളൂവെന്നും മറ്റേതെങ്കിലും ഉത്തരത്തിന് മാർക്ക് ലഭിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനർത്ഥം ഈ 44 പേരുടെ മാർക്ക് 720ൽ 715 ആകും. നേരത്തെയുള്ള റാങ്ക് ലിസ്റ്റ് പ്രകാരം 720 ൽ 716 മാർക്ക് നേടിയ 70 പേരുണ്ട്. ഗ്രേസ് മാർക്ക് നഷ്ടമായ 44 പേരുടെ റാങ്ക് ഇവർക്ക് പിന്നിലാകും.
undefined
നീറ്റ് യുജിയിൽ പുനഃപരീക്ഷ വേണ്ടെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമ ഘട്ടത്തിലല്ല. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവിന് പിന്നാലെ, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എൻടിഎ പുതിയ നീറ്റ് യുജി മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻഗണന രാജ്യത്തെ വിദ്യാർത്ഥികൾക്കാണെന്ന് തങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. സർക്കാരിന്‍റെ നിലപാട് ശരിയാണെന്ന് സുപ്രീം കോടതിയിൽ തെളിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം