നീറ്റ് - ജെഇഇ പരീക്ഷാ വിഷയം; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൂടി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഡിഎംകെ

By Web Team  |  First Published Aug 27, 2020, 8:24 PM IST

പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങൾ നാളെ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റാലിൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് കൂടി സുപ്രീം കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുന്നത്


ചെന്നൈ: നീറ്റ് - ജെഇഇ പരീക്ഷാ വിവാദത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൂടി സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. എന്നാൽ കേരളം ഈ വിഷയത്തിൽ ഇത് വരെ കേന്ദ്ര തീരുമാനത്തിനെതിരെ നിലപാടെടുത്തിട്ടില്ല. പരീക്ഷ നടത്തണ്ട എന്ന നിലപാട് ഇത് വരെ കേരളത്തിനില്ല. നേരത്തെ എഞ്ചിനിയീറിംഗ് പരീക്ഷകൾ കേരളം നടത്തുകയും ചെയ്തിരുന്നു.

പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങൾ നാളെ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റാലിൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് കൂടി സുപ്രീം കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുന്നത്. 

Latest Videos

undefined

പ്രവേശന പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കൊവിഡ് രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ തുടരുമ്പോൾ പല സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കര്‍ശനമായി തുടരുകയാണ്. അതിനിടയിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല കൊവിഡ് വ്യാപനത്തിനും ഇത് കാരണമായേക്കാം. 

പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കാനാണ് തീരുമാനം. എൻഎസ്‍യുഐ സത്യഗ്രഹ സമരവും തുടരുകയാണ്.

click me!