കേസുകൾ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 81% കൂടുതലായിരുന്നു ഇത്. ഇന്നത്തെ കൊവിഡ് കണക്കുകൾ ഇങ്ങനെ...
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 5233 പുതിയ കൊവിഡ് കേസുകൾ. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്. ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളിൽ വർധന 41 ശതമാനമാണ്.
ഇന്നലെ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 81% കൂടുതലായിരുന്നു ഇത്. ഫെബ്രുവരി മധ്യം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവുമുയർന്ന നിരക്ക്. ഇതിന് മുമ്പ് മഹാരാഷ്ട്രയിൽ ഇത്രയുമുയർന്ന കൊവിഡ് കണക്ക് റിപ്പോർട്ട് ചെയ്തത് ഫെബ്രുവരി 18-നാണ്.
undefined
മഹാരാഷ്ട്രയിൽ കൊവിഡ് ഒമിക്രോണിന്‍റെ ബി.എ.5 വേരിയന്‍റ് കണ്ടെത്തിയിരുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, എന്നാൽ വൻതോതിലൊരു കേസുകളുടെ കുതിച്ചുചാട്ടത്തിന് ഈ വകഭേദം ഇതുവരെ വഴിവച്ചിട്ടില്ലെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. മുംബൈ നഗരത്തിൽ ഇന്നലെ 1,242 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകളുടെ ഇരട്ടിയോളമായിരുന്നു ഇത്. എന്നാൽ ഇന്നലെ ഇത് വരെ കൊവിഡ് മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം കൊവിഡ് കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കിൽ മാസ്ക് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നിർദേശം നൽകി. വാക്സിനേഷനും മുൻകരുതൽ ഡോസ് വിതരണവും വിലയിരുത്താൻ ഇന്നലെ ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവിയ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു.
കൊവിഡ് കേസിലെ വർധന ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡെ ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്നും സമീറൻ പാണ്ഡെ വ്യക്തമാക്കി.
ആശങ്കയായി കേരളത്തിലെ കേസുകൾ
സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം. 2271 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് കേസുകൾ കുതിക്കുകയാണ്. 622 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2 മരണം സ്ഥിരീകരിച്ചു.
മെയ് 31ന് ആയിരം കടന്ന കോവിഡ് കേസുകളാണ് ഒരാഴ്ച കൊണ്ട് ഇരട്ടിയായി രണ്ടായിരം കടന്നത്. വേഗത്തിലുള്ള കുതിപ്പ് എറണാകുളത്താണ്. 622 ആണ് പുതിയ കേസുകൾ. ഒപ്പം തന്നെ തിരുവനന്തപുരത്ത് ഇന്ന് 416. ഒരു മരണവും തിരുവനന്തപുരത്താണ്. ആലപ്പുഴയിലും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോവിഡ് മരണം തീരെ ഇല്ലാതിരുന്ന ആഴ്ചകളിൽ നിന്നാണ് മരണവും കൂടുന്നത്.
കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഇരട്ടി വളർച്ച രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ ഈ നിലയ്ക്ക് മുന്നേറിയാൽ പ്രതിസന്ധിയാകുമെന്നുറപ്പാണ്.
പരിശോധനകൾ പ്രതിദിനം പതിനയ്യായിരം പോലുമില്ലെന്നിരിക്കെ, പരിശോധനകളിൽ കണ്ടെത്തപ്പെടാതെ പോകുന്ന കേസുകൾ ഏറെയാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ളഴരും പരിശോധിക്കുന്നില്ലെന്നതാണ് വസ്തുത.
കേസുകളുടെ വർധനയിൽ അടുത്ത ഒരാഴ്ച നിർണായകമാണ്. ഒമിക്രോൺ വകഭേദം തന്നെയാണ് പടരുന്നതെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴും പറയുന്നത്. അങ്ങനെയെങ്കിൽ വരുംദിവസങ്ങളിൽ മരണനിരക്ക് ഉയരുമോ എന്നതും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുന്നതുമാകും പ്രതിസന്ധിയെ നിർണയിക്കുക.