ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും നീണ്ട പ്രചാരണ കാലത്തിന് നാളെ തിരശീല വീഴും. എഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 57 മണ്ഡലങ്ങള്‍ കൂടി ശനിയാഴ്ച പോളിംഗ് ബൂത്തിലെത്തുന്നതോടെ തെരഞ്ഞെടുപ്പ് അവസാനിക്കും.മൂന്നാം വട്ടവും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. ഫലം വരുന്ന നാലിന് മോദിയുടെയും അമിത് ഷായുടെയും പണി ഇല്ലാതാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു.
മാര്‍ച്ച് 16ന് തുടങ്ങി 74 ദിവസം നീണ്ട പ്രചാരണത്തിനാണ് നാളെ അവസാനഘട്ട പരസ്യ പ്രചാരണത്തോടെ സമാപനമാകുന്നത്. കഴിഞ്ഞ 20 കൊല്ലത്തിനിടെയുള്ള ഏറ്റവും നീണ്ട പ്രചാരണ കാലത്തിനാണ് നാളെ തിരശീല വീഴുന്നത്. ശനിയാഴ്ച ഏഴാം ഘട്ടത്തില്‍ പഞ്ചാബും, ഹിമാചല്‍ പ്രദേശും, ചണ്ഡിഗഡും വിധിയെഴുതും. യുപിയിലും, ബംഗാളിലും, ബിഹാറിലും, ഝാര്‍ഖണ്ഡിലും, ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ പോളിംഗ് നടക്കും.
ചാര്‍ സൗ പാര്‍ ആവര്‍ത്തിക്കുന്ന ബിജെപി തെക്കെ ഇന്ത്യയിലും, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി ഇക്കുറി മേധാവിത്വം അവകാശപ്പെടുന്നുണ്ട്. തെലങ്കാനയില്‍ 10 സീറ്റ് , കേരളത്തില്‍ മൂന്ന്, ആന്ധ്രയിലും, തമിഴ്നാട്ടിലും മികച്ച മുന്നേറ്റം, ബംഗാളില്‍ 30 വരെ, ഒഡീഷയില്‍ 17 സീറ്റ് എന്നിങ്ങനെയാണ് അമിത്ഷായുടെ പ്രവചനം. മൂന്നാം തവണയും അധികാരത്തിലെന്നാവര്‍ത്തിക്കുകയാണ് മോദി.
എന്നാല്‍, ഇന്ത്യ സഖ്യം നാലിന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ അവകാശ വാദം. 350ന് മുകളില്‍ സീറ്റാണ് പ്രതീക്ഷിക്കുന്നത്. അതോടെ മോദിയും അമിത്ഷായും തൊഴില്‍ രഹിതരമാകുമെന്ന് മല്ലികാര്‍ജുൻ ഖര്‍ഗെ പറഞ്ഞു. നാളെ പ്രചാരണം കഴിയുന്നതിന് പിന്നാലെ കന്യാകുമാരിയിലെ വിവേകാന്ദപാറയില്‍ മോദിയുടെ ധ്യാനം തുടങ്ങും. നാല്‍പത്തിയഞ്ച് മണിക്കൂര്‍ നീളുന്ന ധ്യാനം ഒന്നിന് പോളിംഗ് കഴിയുന്നതോടെ അവസാനിപ്പിക്കും.