ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഇപ്പോഴുള്ളത് മോദി സർക്കാർ അല്ലെന്നും എൻഡിഎ സർക്കാർ ആണെന്നും എത്രകാലം ഇതുണ്ടാകുമെന്ന് കണ്ടറിയാമെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെയും പ്രതികരിച്ചു.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചുവെന്നും മോദിക്ക് നന്ദിയുണ്ടെന്നുമായിരുന്നു ശരത് പവാറിന്റെ പരിഹാസം. ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ ഇപ്പോഴുള്ളത് മോദി സർക്കാർ അല്ലെന്നും എൻഡിഎ സർക്കാർ ആണെന്നും എത്രകാലം ഇതുണ്ടാകുമെന്ന് കണ്ടറിയാമെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെയും പ്രതികരിച്ചു.
മഹാവികാസ് അഘാഡി നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പരാമർശം. മോദി സർക്കാർ എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പറഞ്ഞു. കിച്ചടി മുന്നണിയെന്ന് ഇന്ത്യ സഖ്യത്തെ പരിഹസിച്ച മോദിയുടെ സർക്കാറാണ് അക്ഷരാർത്ഥത്തിൽ അങ്ങനെയായെന്നും ഖർഗെ പരിഹസിച്ചു. ഭൂരിപക്ഷമില്ലാത്ത മോദി ഭയന്നാണ് ഭരിക്കുന്നതെന്നും ഖർഗെ വാർത്താ ഏജൻസിയോട് പറഞ്ഞു.