സ്ത്രീകളുടെ ആത്മാഭിമാനത്തിന് വേണ്ടിയാണ് താരങ്ങള്‍ പോരാടുന്നതെന്നും സ്ത്രീകളെ ബഹുമാനിക്കാത്ത സമൂഹം അധിപതിക്കുമെന്നും നവജ്യോത് സിംഗ് സിദ്ധു
ദില്ലി: ഗുസ്തി താരങ്ങളുടെ ദില്ലിയിലെ സമരം ഒൻപതാം ദിവസവും തുടരുന്നു. താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും നവ്ജ്യോത് സിങ് സിദ്ധുവും വേദിയിലെത്തി. പോക്സോ ചുമത്തി കേസെടുത്തിട്ടും ബ്രിജ് ഭൂഷണെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് നവ്ജ്യേോത് സിങ് സിദ്ധു ചോദിച്ചു.
ലൈംഗികാരോപണ വിധേയനയായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ പോക്സോ അടക്കം ചുമത്തി കേസെടുത്തിട്ടും പൊലീസ് ചോദ്യം ചെയ്യുന്നത് വൈകുകയാണ്. സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രിയങ്ക ഗാന്ധിയും എത്തിയതിന് പിന്നാലെ ഇന്ന് സിദ്ധുവും ഹരീഷ് റാവത്തും സമര വേദിയിലെത്തി. സ്ത്രീകളുടെ ആത്മാഭിമാനത്തിന് വേണ്ടിയാണ് താരങ്ങള്‍ പോരാടുന്നതെന്നും സ്ത്രീകളെ ബഹുമാനിക്കാത്ത സമൂഹം അധപതിക്കുമെന്നും സിദ്ധു കുറ്റപ്പെടുത്തി. രാജ്യത്തിന് അഭിമാനമായി മാറിയവർക്ക് ഇതാണ് അവസ്ഥയെങ്കില്‍ തെരുവില്‍ കഴിയുന്നവരുടെ അവസ്ഥയെന്താകുമെന്നും സിദ്ധു ചോദിച്ചു.
കൂടുതല്‍ പ്രതിപക്ഷ പാർട്ടി നേതാക്കള്‍ താരങ്ങള്‍ക്ക് പിന്തുണ അറിയച്ചതോടെ സർക്കാരിന് മേലും കടുത്ത സമ്മർദ്ദം തുടരുന്നുണ്ട്. വൈകാതെ ബ്രിജ്ഭൂഷണെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് സാധ്യത. ഇതിനിടെ അഖിലേഷ് യാദവിന് തന്നെ അറിയാമെന്ന ബ്രിജ് ഭൂഷന്‍റെ പരാമർശം അഖിലേഷ് യാദവിനെയും സമാജ്‍വാദി പാര്‍ട്ടിയേയും പ്രതിസന്ധിയില്ലാക്കുന്നതാണ്. ബ്രിജ് ഭൂഷന്‍റെ പരാമർശത്തോട് അഖിലേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഉടൻ ജന്തർമന്ദറിലെത്തിയേക്കും. എന്നാല്‍ സമരത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന ആരോപണമാണ് ബ്രിജ് ഭൂഷണ്‍ ഉന്നയിക്കുന്നത്.