വിദ്യാഭ്യാസം അവകാശവും അഭിമാനവുമാണെന്ന് തിരിച്ചറിയുന്ന ഒരു ഗ്രാമത്തെ പ്രാപ്തരാക്കാൻ സ്വയം മാതൃകയാവുകയാണ് അസമിലെ ദരാംഗ് ജില്ലയിൽ നിന്നുള്ളു രണ്ട് പെൺകുട്ടികൾ
ദില്ലി: വിദ്യാഭ്യാസം അവകാശവും അഭിമാനവുമാണെന്ന് തിരിച്ചറിയുന്ന ഒരു ഗ്രാമത്തെ പ്രാപ്തരാക്കാൻ സ്വയം മാതൃകയാവുകയാണ് അസമിലെ ദരാംഗ് ജില്ലയിൽ നിന്നുള്ളു രണ്ട് പെൺകുട്ടികൾ. അസമിലെ ദരാംഗ് ജില്ലയിൽ നിർധന മുസ്ലിം കുടുംബത്തിൽ ജനിച്ച രണ്ട് പെൺകുട്ടികൾ. നാർഗിസ് സുൽത്താനയും ഹാഫിസയും അവരുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ്, ഒരു ഗ്രാമത്തെയും ഒപ്പം കൂട്ടണമെന്ന് അവർ ആഗ്രഹിക്കുന്നു. മത പുരോഹിതനായ സംഷേർ അലിയുടെയും നസീറ ഖാത്തൂണിന്റെയും രണ്ടാമത്തെ മകളായിട്ടാണ് നാർഗിസ് സുൽത്താന ജനിക്കുന്നത്. ദരാംഗ് ജില്ലയിലെ ദൽഗാവ് കചാരി ഭേട്ടി നിവാസിയാണ് സുൽത്താന.
മത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുകയും ആധുനിക വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഒത്തിരി ആളുകൾ സുൽത്താനയുടെ വഴികളിൽ തടസം തീർക്കാനെത്തി. എന്നാൽ ഇതൊന്നും നർഗീസിനെ, സ്കൂളിൽ പോകാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് നടത്തിയില്ല. ഒപ്പം മാതാപിതാക്കളും അവളെ പിന്തുണച്ചു. ആധുനിക വിദ്യാഭ്യാസത്തെ ചേർത്തുപിടിക്കാൻ സുൽത്താന തീരുമാനിച്ചപ്പോഴും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. വളരെ പിന്നാക്കം നിൽക്കുന്ന ഉൾനാടൻ പ്രദേശത്തായിരുന്ന നർഗീസിന്, പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്‌കൂളിലെത്താൻ ദിവസവും പുഴ മുറിച്ചു കടന്ന് ആറ് കിലോമീറ്റർ വരെ നടക്കണമായിരുന്നു.
എന്നാൽ കഠിന പരിശ്രമത്തിലൂടെയുള്ള സുൽത്താനയുടെ ശ്രമങ്ങൾ പാഴായില്ല. 2022-ലെ മെട്രിക്കുലേഷൻ പരീക്ഷയിൽ മികച്ച വിജയം നേടാൻ നർഗീസ് സുൽത്താനയ്ക്ക് സാധിച്ചു. മകളുടെ അക്കാദമിക വിജയം, പ്രതിസന്ധികളെ തോൽപ്പിക്കാൻ മാതാപിതാക്കൾക്കും കുടുംബത്തിനും കരുത്തായി. ചുറ്റുപാടുനിന്നും ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, അവരുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറക് നൽകാനും ആ വിജയം കാരണമായി. വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടു തന്നെ, 10 മണിക്കൂറിലധികം പഠനത്തിനായി മാറ്റിവച്ച് നാർഗീസ് ഡോക്ടറാകാനുള്ള തന്റെ സ്വപ്നങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ്.
'ഞാൻ 2022- ൽ മെട്രിക് പരീക്ഷ എഴുതിയപ്പോൾ സിലിഗുരിയിലെ ആനന്ദറാം ബറുവ അക്കാദമിയിലെ വിദ്യാർത്ഥിനിയായിരുന്നു. എന്റെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഒപ്പം, എന്റെ അധ്യാപകർക്കു കൂടിയാണ് ഈ വജയത്തിന്റ ക്രെഡിറ്റ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നത്. മോശം സാമ്പത്തികാവസ്ഥ അറിഞ്ഞതു മുതൽ അധ്യാപകർ പഠനം തുടരാൻ എന്നെ ഏറെ സഹായിച്ചു.- നർഗീസ് പറയുന്നു ആനന്ദറാം ബറുവ അക്കാദമി ഒരു ഫീസും ഈടാക്കാതെ തന്നെ നർഗീസിന്റെ ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാഭ്യാസത്തിന് സൗജന്യ ട്യൂഷൻ നൽകി.
നിരവധി ആളുകളും അധ്യാപകരും എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. അവർ എന്നിൽ വലിയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, എനിക്ക് അവരെ നിരാശപ്പെടുത്താൻ കഴിയില്ല. ഞാൻ ദിവസവും 10 മണിക്കൂറിൽ കൂടുതൽ പഠിക്കുന്നുണ്ട്. അടുത്ത വർഷം നടക്കേണ്ട 12-ാം ക്ലാസിൽ എനിക്ക് മികവ് പുലർത്താനാകും എന്നാണ് പ്രതീക്ഷ. എനിക്ക് ഡോക്ടറാകണം. ഒരു ഗൈനക്കോളജിസ്റ്റായി ഗ്രാമത്തിലെ പാവപ്പെട്ടവരെ സേവിക്കാനും അവർക്കിടയിലെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനും ശ്രമം നടത്തണം- നാർഗീസ് കൂട്ടിച്ചേർത്തു. സർവശക്തനായ അല്ലാഹുവിനും മകളുടെ വിദ്യാഭ്യാസം തുടരാൻ സഹായിച്ചവർക്കും നന്ദി രേഖപ്പെടുത്തുന്നു. നർഗീസ് ഭാവിയിൽ മനുഷ്യരാശിയെ സേവിക്കാൻ ഒരു ഡോക്ടറായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അമ്മ നസീറ ഖാത്തൂൺ പറഞ്ഞു,
ദരാംഗ് ജില്ലയിലെ ദൽഗാവിൽ നിന്നുള്ള മറ്റൊരു മുസ്ലീം വിദ്യാർത്ഥിനി ഹാഫിസ ബീഗവും ദാരിദ്ര്യം വിദ്യാഭ്യാസമികവിന് ഒരു തടസ്സമാകില്ലെന്ന് തെളിയിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഹബീബ് ഉള്ളയുടെ മകൾ ഹഫീസ ദൽഗാവിലെ ആദർശ് ജാതി വിദ്യാലയത്തിൽ നിന്ന് ഡിസ്റ്റിംഗ്ഷൻ മാർക്കോടെ വിജയിച്ചു. ഡോക്ടറാകാനും പിന്നീട് യൂണിയൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുമുള്ള തീരുമാനത്തിലാണ് ഹഫീസ.