ഒരിക്കൽ ഉത്തർപ്രദേശ് ഭരിച്ചിരുന്ന ബിഎസ്പിയുടെ ബോർഡുകൾ പോലും വാരാണസിയിൽ കാണാനില്ല. രാജ്യമാകെ കരുത്ത് ചോർന്ന ബിഎസ്പി ഇത്തവണ തനിച്ച് മത്സരിക്കുന്നത് പ്രതിപക്ഷത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാനാണെന്ന വിമർശനം ശക്തമാണ്.
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തിൽ മത്സരിക്കാൻ ഭയമെന്ന് വാരാണസിയിലെ ബിഎസ്പി സ്ഥാനാർത്ഥി ആതർ ജമാൽ ലാരി ഏഷ്യാനെറ്റ് ന്യൂസിനോട്. ഗുജറാത്തിൽ മോദിയുടെ ജനപിന്തുണ ഇടിയുകയാണ്. മണ്ഡലത്തിലെ ഇന്ത്യ സഖ്യം സ്ഥാനാർത്ഥി ആർഎസ്എസിന്റെ സ്കൂളിൽ നിന്നും വന്നതാണ്. കോൺഗ്രസും സമാജ്വാദി പാർട്ടിയും മുസ്‍ലിംകൾക്ക് എതിരാണെന്നും ലാരി ആരോപിച്ചു.
ബനാറസ് സാരി നിർമ്മിക്കുന്ന പരമ്പരാഗത നെയ്ത്ത് വിഭാഗക്കാരനാണ് ആതർ ജമാൽ ലാരി. 1980 മുതൽ ജനതാദൾ മുതൽ സമാജ്വാദി പാർട്ടിയുടെ വരെ ടിക്കറ്റുകളിൽ വാരാണസിയിലടക്കം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച അറുപത്തിയാറുകാരൻ. ഈയടുത്താണ് ബിഎസ്പിയിലെത്തിയത്. ഒപ്പം ആളും ആരവവുമില്ല. 2012 വരെ സംസ്ഥാനം ഭരിച്ച ബിഎസ്പിയുടെ ബോർഡുകൾ പോലും വാരാണസിയിൽ കാണാനില്ല. രാജ്യമാകെ കരുത്ത് ചോർന്ന ബിഎസ്പി ഇത്തവണ തനിച്ച് മത്സരിക്കുന്നത് പ്രതിപക്ഷത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാനാണെന്ന വിമർശനം ശക്തമാണ്.
undefined
എന്നാൽ ബിജെപിയെ എതിർക്കുന്നത് തങ്ങൾ മാത്രമാണെന്നാണ് ലാരിയുടെ വാദം. കോൺഗ്രസും എസ്പിയും മുസ്‍ലിംകൾക്ക് എതിരാണ്. ഇന്ത്യ സഖ്യം സ്ഥാനാർത്ഥി അജയ് റായി ആർഎസ്എസ് ഉത്പന്നമാണെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബിജെപിയിൽ ചേരുമെന്നുമാണ് ആതർ ജമാൽ ലാരി പറയുന്നത്.
കാശിയിൽ മോദിക്കൊപ്പം ആരുമില്ലെന്നും റാലികളിലടക്കം പുറത്തുനിന്നുള്ളവരെ ഇറക്കിയതാണെന്നും ആതർ ജമാൽ ലാരി ആരോപിച്ചു. ഗംഗയുടെ മകനാണ് താനെന്ന് മോദി പറയുന്നു. ഗംഗാതീരത്ത് ജനിച്ച് വളർന്നതും ഗംഗയ്ക്ക് വേണ്ടി പോരാടിയതും തങ്ങളാണെന്ന് ലാരി അവകാശപ്പെട്ടു. 2004 ൽ അപ്ന ദൾ സ്ഥാനാർത്ഥിയായി വാരാണസിയിൽ മത്സരിച്ച ജമാൽ ലാരി ഒരു ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു. എസ്പിയും ബിഎസ്പിയും സഖ്യമായി മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടി നേതാവ് ശാലിനി യാദവ് 1,95,159 വോട്ടുകൾ നേടിയിരുന്നു.