പഞ്ചാബിൽ തീവ്രവാദം വർധിക്കുകയാണെന്ന് കങ്കണാ റണാവത്ത് പ്രതികരിച്ചു. സെക്യൂരിറ്റി ചെക്ക്-ഇൻ സമയത്താണ് സംഭവം നടന്നത്.
ഛണ്ഡീഗഡ്: കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ചണ്ഡീഗഡ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ. കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് അവർ പറഞ്ഞു. 100 രൂപക്ക് അവൾ അവിടെ പോയി ഇരിക്കുമോ. അവർ ഇങ്ങനെ പറയുമ്പോൾ എൻ്റെ അമ്മ അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു- കുൽവീന്ദർ പറഞ്ഞു. കങ്കണാ റാവത്തിനെ മർദ്ദിച്ചതിന് പിന്നാലെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ വിജയിച്ച് ദില്ലിയിലേക്ക് പോകുന്ന കങ്കണ റണാവത്തിനെതിരെ കർഷകരെ അനാദരിച്ചതിലാണ് താൻ പ്രതികരിച്ചതെന്നും കുൽവീന്ദർ പറഞ്ഞു.
പഞ്ചാബിൽ തീവ്രവാദം വർധിക്കുകയാണെന്ന് കങ്കണാ റണാവത്ത് പ്രതികരിച്ചു. സെക്യൂരിറ്റി ചെക്ക്-ഇൻ സമയത്താണ് സംഭവം നടന്നത്. വനിതാ ഗാർഡ് ഞാൻ കടന്നുപോകുന്നതുവരെ കാത്തുനിന്നു. പെട്ടെന്ന് അവൾ വന്ന് എന്നെ അടിച്ചു. സാധനങ്ങൾ ഉപയോഗിച്ച് എറിയാൻ തുടങ്ങി. എന്തിനാണ് എന്നെ അടിച്ചതെന്ന് ഞാൻ ചോദിച്ചുവെന്നും കങ്കണ പറഞ്ഞു. ഛണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന് മർദനമേറ്റത്. സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളിയതിനെ തുടർന്നാണ് അടി കിട്ടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കങ്കണ കർഷകരെ അധിക്ഷേപിച്ച് സംസാരിച്ചതിനാണ് മർദ്ദിച്ചതെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.
സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണ വിസ്സമ്മതിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തർക്കത്തിനിടെ കങ്കണ ഉദ്യോഗസ്ഥയെ തള്ളി മാറ്റി. പ്രകോപിതയായ കുൽവീന്ദർ കൗർ കങ്കണയെ അടിച്ചുവെന്നും പറയുന്നു. വിഷയം അന്വേഷിക്കാനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.