ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം: സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ

By Web Desk  |  First Published Jan 3, 2025, 3:30 PM IST

'സൗമ്യനായ ജഡ്ജി, ദൈവത്തിന്‍റെ നാട്ടിൽ നിന്ന് എത്തിയ ദൈവമനുഷ്യൻ' എന്നാണ് രവികുമാറിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടക്കം വിശേഷിപ്പിച്ചത്.


ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നൽകുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയിൽ രവികുമാറിന്‍റെ അവസാന പ്രവൃത്തി ദിവസമായിരുന്നു ഇന്ന്. 

ആലപ്പുഴയിലെ മാവേലിക്കര തഴക്കര എന്ന ഗ്രാമത്തിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് വരെ എത്തിയ ജീവിതയാത്ര. കോടതിയിൽ ബഞ്ച് ക്ലാർക്കായിരുന്ന പിതാവ് ചുടലയിൽ തേവന്‍റെ അഞ്ചാമത്തെ മകൻ സുപ്രീംകോടതി വരെ നടന്നു കയറിയത് സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വങ്ങളോട് സന്ധി ചെയ്യാതെയാണ്. പട്ടിക ജാതിയിൽപ്പെട്ടവർക്ക് വിദ്യാഭാസം പോലും നിഷേധിക്കപ്പെട്ട കാലത്ത് പൊരുതി പഠിച്ച പിതാവിന്‍റെ വഴിയിലൂടെയാണ് രവികുമാറും യാത്ര നടത്തിയത്. 

Latest Videos

 

ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് ബിരുദം കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി 1986 -ൽ അഭിഭാഷക വൃത്തിയിൽ പ്രവേശിച്ചു. നിയമരംഗത്ത് വഴികാട്ടിയായത് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണൻ. ഹൈക്കോടതിയിൽ ഗവ. പ്ലീഡർ, അഡീഷണൽ ഗവ. പ്ലീഡർ, സ്പെഷ്യൽ ഗവ. പ്ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന രവികുമാർ 2009 -ലാണ് ഹൈക്കോടതി ജഡ്ജി പദവിലേക്ക് എത്തുന്നത്. 12 വർഷം നീണ്ട ഹൈക്കോടതി ജഡ്ജി പദവിയിൽ നിന്ന് 2021 -ൽ  സുപ്രീംകോടതിയിലേക്ക്. 

എല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നൽകുന്ന ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സിടി രവികുമാർ  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.. 'സൗമ്യനായ ജഡ്ജി, ദൈവത്തിന്‍റെ നാട്ടിൽ നിന്ന് എത്തിയ ദൈവമനുഷ്യൻ' എന്നാണ് രവികുമാറിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടക്കം വിശേഷിപ്പിച്ചത്. പിഎംഎല്‍എ, യുഎപിഎ നിയമങ്ങളിൽ സുപ്രധാന വിധി പ്രസ്താവങ്ങൾ, വിവിധ ഭരണഘടന ബെഞ്ചുകളിലും അംഗമായിരുന്ന സിടി രവികുമാർ മുൻ മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട കേസിലടക്കം നടത്തിയ ഇടപെടലുകൾ നിയമവ്യവസ്ഥയുടെ അന്തസ് ഉയർത്തിപ്പിടിച്ചു. ദില്ലിയിലെ മലയാളി സമൂഹത്തിൽ സ്ഥിര സാന്നിധ്യമായ രവികുമാർ വിരമിക്കലിന് ശേഷവും  ദില്ലിയിൽ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

click me!