സ്വന്തം മതാചാര പ്രകാരം ക്ഷേത്രത്തിൽ വിവാഹിതരായി മുസ്ലിം ദമ്പതിമാര്‍

By Web Team  |  First Published Mar 6, 2023, 8:45 PM IST

മത സൗഹാര്‍ദ്ദ സന്ദേശം നൽകാൻ സ്വന്തം മതാചാരപ്രകാരം ക്ഷേത്രത്തിൽ വിവാഹം നടത്തി മുസ്ലിം ദമ്പതിമാര്‍.  


ഷിംല:  മത സൗഹാര്‍ദ്ദ സന്ദേശം നൽകാൻ സ്വന്തം മതാചാരപ്രകാരം ക്ഷേത്രത്തിൽ വിവാഹം നടത്തി മുസ്ലിം ദമ്പതിമാര്‍.  ഇസ്ലാമിക മതാചാര പ്രകാരം നടന്ന ചടങ്ങുകളെല്ലാം ഹൈന്ദവ ക്ഷേത്രമായ താക്കൂര്‍ സത്യനാരായൺ ക്ഷേത്ര കോപ്ലംക്സിലായിരുന്നു നടന്നത്. ഷിംല ജില്ലയിലെ റാംപൂരിൽ വിശ്വഹിന്ദ് പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഹിന്ദു- മുസ്ലിം വിഭാഗങ്ങളിൽ പെട്ടവരെല്ലാം വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 

മത പുരോഹിതനായ മൗലവിയുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലായിരുന്നു നിക്കാഹ് നടന്നത്. മതസൗഹാര്‍ദ്ദ സന്ദേശം നൽകുന്നതിനും ജനങ്ങൾക്കിടയിൽ സാഹോദര്യം വളര്‍ത്തുന്നതിനുമായിരുന്നു ക്ഷേത്രത്തിൽ വച്ചുള്ള മുസ്ലിം വിവാഹം. ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ജില്ലാ ഓഫീസ് കൂടിയായ ക്ഷേത്ര കോംപ്ലക്സിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ എന്നതും ശ്രദ്ധേയമാണ്.

Latest Videos

സനാദൻ ധര്‍മ്മം എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി വിനയ് ശര്‍മ പറഞ്ഞു. വിശ്വഹിന്ദ് പരിഷത്ത് നടത്തുന്ന ക്ഷേത്രം,  ആര്‍ എസ് എസിന്റെ ജില്ലാ ഓഫീസ്, വിശ്വഹിന്ദ് പരിഷത്തും ആര്‍എസ്എസുമാണ് മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നത്. പക്ഷെ ഇവിടെ എല്ലാം നടന്നത് ക്ഷേത്ര കോംപ്ലക്സിൽ വച്ചാണ്. സനാദൻ ധര്‍മ്മം എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണിത്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.  

Read more: റോഡിലെ വളവിൽ ഓയിൽ ചോർന്നു, വാഹനങ്ങൾ തെന്നിവീഴുന്നതായി വിളിയെത്തി, ഫയര്‍ഫോഴ്സ് എത്തി, ഒപ്പം കൂടി ഈ കുട്ടികളും!

ക്ഷേത്രത്തിൽ വച്ച് വിവാഹ ചടങ്ങുകൾ നടക്കുന്നതിന് എല്ലാ സഹായങ്ങളും ചെയ്തത് വിശ്വഹിന്ദു പരിഷത്ത് ആണെന്ന് പെൺകുട്ടിയുടെ പിതാവ് മഹേന്ദ്ര സിങ്  മാലിക് പറ‍ഞ്ഞു. റാംപൂരിലെ ജനങ്ങളുടെ സാഹോദര്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. ഒരാൾ മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കുമ്പോഴാണ് സാഹോദര്യം നശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മകൾ എംടെക് സിവിൽ എഞ്ചിനിയിറങ്ങിൽ ഗോൾഡ് മെഡലിസ്റ്റ് ആണെന്നും  മരുമകൻ സിവിൽ എഞ്ചിനിയറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!