റോഡ് പണിയിലെ തകരാറിനേക്കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിലെ പക മൂലം മാധ്യമ പ്രവർത്തകനെ കൊന്നു തള്ളിയ റോഡ് കോൺട്രാക്ടർ അറസ്റ്റിൽ
ബസ്തർ: ഛത്തീസ്ഗഡിലെ ബസ്തറിൽ മാധ്യമപ്രവര്‍ത്തകൻ മുകേഷ് ചന്ദ്രക്കർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. റോഡ് കോൺട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരബാദിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്. 33 കാരനായ മാധ്യമ പ്രവർത്തകന്റെ മൃതദേഹം റോഡ് കോൺട്രാക്ടറുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ റോഡ് കരാറുകാരന്റെ സഹോദരന്മാർ പിടിയിലായിരുന്നു. തിങ്കളാഴ്ചയാണ് കേസിലെ പ്രധാന പ്രതി പിടിയിലായത്.
ഛട്ടൻ പാറയിലെ സുരേഷിന്റെ വീടിന് പരിസരത്തുള്ള സെപ്റ്റിക് ടാങ്കിലായിരുന്നു മർദ്ദനമേറ്റ് മരിച്ച നിലയിൽ യുവ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രക്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 1നായിരുന്നു മുകേഷ് ചന്ദ്രക്കറിനെ കാണാതായത്. തല, വയറ്, നെഞ്ച്, ശരീരത്തിന് പുറത്തും മർദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. മുകേഷിനെ കാണാതായി 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. മുകേഷിന്റെ മൊബൈൽ ഫോൺ ടവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 25 പ്രസിദ്ധീകരിച്ച വാർത്തയേ തുടർന്ന് ബിജാപൂരിലെ റോഡ് നിർമ്മാണത്തിലെ തകരാറിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചതിലെ പക മൂലമാണ് കൊലപാതകമെന്നാണ് ലഭ്യമാകുന്ന വിവരം.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കരാറുകാരന്റെ സഹോദരന്മാർ അടക്കം മൂന്ന് പേർ അറസ്റ്റിലായിരുന്നു. എൻഡി ടിവിക്ക് വേണ്ടിയും മറ്റ് സ്വകാര്യ ചാനലുകൾക്കുമായി ബസ്തറിൽ നിന്ന് വാർത്തകൾ നൽകിയിരുന്ന മുകേഷിന്റെ യുട്യൂബ് ചാനൽ ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്. 2021ൽ മാവോയിസ്റ്റ് പിടിയിലായ കമാൻഡോ രാകേഷ്വാർ സിംഗിന്റെ മോചനത്തിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ. കോൺക്രീറ്റ് ഉപയോഗിച്ച് പുതിയതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്കുണ്ടായിരുന്നു. ഒന്നിലധികം മുറിവുകളോട് സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് മൃതദേഹം മാധ്യമപ്രവർത്തകന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം