ഭീകരാക്രമണത്തിൽ താജ് കത്തിയെരിഞ്ഞു; സ്വന്തം കാര്യം നോക്കാതെ ഹോട്ടലിന് മുന്നിൽ നിന്ന രത്തൻ ടാറ്റ!

By Web Team  |  First Published Oct 10, 2024, 9:57 AM IST

ഭീകരാക്രമണത്തെ തുടർന്ന് താജ് മഹൽ പാലസ് ഹോട്ടലിന് 400 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 


മുംബൈ: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളിൽ ഒന്നാണ് 2008ലെ മുംബൈ ഭീകരാക്രമണം. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്ത് 10 പാകിസ്ഥാൻ ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരർ ലക്ഷ്യമിട്ട അഞ്ച് സ്ഥലങ്ങളിൽ ഒന്ന് രത്തൻ ടാറ്റയുടെ മുത്തച്ഛൻ ജംഷെഡ്ജി ടാറ്റ നിർമ്മിച്ച താജ് മഹൽ പാലസ് ഹോട്ടലായിരുന്നു. ഒബ്‌റോയ്-ട്രൈഡൻ്റ് ഹോട്ടൽ, താജ് മഹൽ പാലസ് ഹോട്ടൽ, നരിമാൻ പോയിൻ്റിലെ ചബാദ് ഹൗസ്, ലിയോപോൾഡ് കഫേ, ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഭീകര‍‍ർ ലക്ഷ്യമിട്ട മറ്റ് സ്ഥലങ്ങൾ.

2008 നവംബർ 26-നാണ് മുംബൈ ന​ഗരത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഡംബര ഹോട്ടലായ താജ് മഹൽ പാലസിൽ തോക്കുധാരികളായ ഭീകരർ നിരവധി ജീവനുകളാണ് അപഹരിച്ചത്. താജ് മഹൽ പാലസ് ഹോട്ടലിന് 400 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ, സ്ഥാപനത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും മുറുകെപ്പിടിച്ച ജീവനക്കാർ സ്വന്തം ജീവൻ പണയം വെച്ച് അതിഥികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്തു. അതിഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ജീവനക്കാർ ശ്രമിച്ചത്. അതിഥികൾ ഹോട്ടലിന് പുറത്തിറങ്ങുന്നതിന് മുമ്പ് രക്ഷപ്പെടാൻ ജീവനക്കാരിൽ പലരും വിസമ്മതിക്കുകയാണ് ഉണ്ടായത്. 

Latest Videos

ഭീകരാക്രമണത്തിൽ താജ് കത്തിയെരിയുമ്പോൾ ഹോട്ടലിന് പുറത്ത് രത്തൻ ടാറ്റ പതറാതെ നിന്നു. സ്വന്തം സുരക്ഷിതത്വത്തിന് അദ്ദേഹം എത്രത്തോളം വില കൽപ്പിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു രത്തൻ ടാറ്റയുടെ ഇടപെടൽ. പ്രതീക്ഷിച്ചത് പോലെ തന്നെ തുടർന്നുള്ള ദിവസങ്ങളിൽ രത്തൻ ടാറ്റ സ്വന്തം കർത്തവ്യങ്ങൾ നിറവേറ്റാൻ മുന്നിട്ടിറങ്ങി. ഭീകരാക്രമണത്തിൽ പരിക്കേറ്റ തൻ്റെ ജീവനക്കാരെ അദ്ദേഹം ആശുപത്രികളിലെത്തി സന്ദർശിക്കുകയും ആക്രമണത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ചേ‍ർത്തുപിടിക്കുകയും ചെയ്തു. അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല രത്തൻ ടാറ്റ എന്ന മനുഷ്യസ്നേഹിയുടെ പ്രവർത്തനങ്ങൾ.

അടിയന്തര സഹായം നൽകുന്നതിനായി ഒരു ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപവത്കരിക്കുകയായിരുന്നു ആദ്യത്തെ നടപടി. പരിക്കേറ്റവർക്കുള്ള വൈദ്യസഹായം, ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും താത്‌കാലിക പാർപ്പിടം, പെൻഷൻ, മറ്റ് തൊഴിലുകൾ തേടുന്നതിന് സഹായം എന്നിവ ഉറപ്പാക്കി. കൂടാതെ, ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ടപ്പോൾ ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടില്ലെന്ന് മാത്രമല്ല ഇക്കാലയളവിൽ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രത്തൻ ടാറ്റ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. 

ഭീകരാക്രമണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റിന് രൂപം നൽകി. ആക്രമണത്തിൽ കൊല്ലപ്പെട്ട ഓരോ താജ് ജീവനക്കാരൻ്റെയും കുടുംബത്തിന് 36 ലക്ഷം മുതൽ 85 ലക്ഷം രൂപ വരെ തുക കൈമാറി. കൊല്ലപ്പെട്ട ഓരോ ജീവനക്കാരന്റെയും കുടുംബത്തിന് അവർ വിരമിക്കുന്ന തീയതി വരെയുള്ള മുഴുവൻ ശമ്പളവും നൽകി. മരണപ്പെട്ട ജീവനക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം മറന്നില്ല. 

READ MORE: 'വ്യവസായ വിപ്ലവം' വിടവാങ്ങി, രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

click me!