ജി 20 ഉച്ചകോടിക്കായി വിദേശരാജ്യ പ്രതിനിധികൾ എത്തി; മുംബൈയിലെ ചേരികൾ ഷീറ്റുപയോഗിച്ച് മറയ്ക്കുന്നു

By Web Team  |  First Published Dec 16, 2022, 8:03 AM IST

ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോ​ഗിച്ച് മറയ്ക്കുന്നത്. എന്നാൽ മനപൂർവം ചേരി പ്രദേശം മറച്ചതല്ലെന്നും നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണിതെന്നുമാണ് മുംബൈ കോർപ്പറേഷന്റെ വിശദീകരണം.


മുംബൈ: ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ ന​ഗരത്തിലെ ചേരിപ്രദേശങ്ങളിൽ പലതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷീറ്റ് ഉപയോ​ഗിച്ച് മറയ്ക്കുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരി പ്രദേശങ്ങളാണ് ഷീറ്റുപയോ​ഗിച്ച് മറയ്ക്കുന്നത്. എന്നാൽ മനപൂർവം ചേരി പ്രദേശം മറച്ചതല്ലെന്നും നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണിതെന്നുമാണ് മുംബൈ കോർപ്പറേഷന്റെ വിശദീകരണം. നഗരത്തിന്റെ പല സ്ഥലങ്ങളിലും മുളങ്കാടുകളിൽ കൂറ്റൻ ഷീറ്റുകളും പരസ്യ ബോർഡുകളും ഉയർത്തിയിട്ടുണ്ട്. ഒറ്റരാത്രി കൊണ്ടാണ് ചേരി പ്രദേശങ്ങൾക്ക് മുന്നിൽ ഷീറ്റുകൾ ഉയർന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. 

ശുചീകരണത്തിനെത്തിയവർ റോഡിനോട് ചേർന്നുള്ള ഭാഗങ്ങൾ മാത്രമാണ് വൃത്തിയാക്കിയതെന്നും ചേരിനിവാസികൾ ആരോപിച്ചു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ശുചിത്വ പരിപാടി ഞങ്ങൾ കണ്ടിട്ടില്ല. മുംബൈയിലെ ചേരികൾ വിദേശരാജ്യ പ്രതിനിധികളുടെ കാഴ്ച‌യിൽ നിന്ന് മറയ്ക്കാൻ അധികാരികൾ ശ്രമിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച, നഗരത്തിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയും താജ്മഹൽ പാലസ് ഹോട്ടലും ദീപാലങ്കാരത്തിൽ പ്രകാശിച്ചു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്,  അമിതാഭ് കാന്ത് എന്നിവരും ജി20 രാജ്യപ്രതിനിധികൾക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയുടെ നാടോടി നൃത്തവും സംഗീത പാരമ്പര്യവും വിളിച്ചോതുന്ന രിപാടികൾ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മൂന്ന് ദിവസത്തെ ഉച്ചകോടിക്കായാണ് മുംബൈയിൽ എത്തിയത്. 

Latest Videos

മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ​ഗുജറാത്തിലെ അഹമ്മദാബാദിൽ ചേരി പ്രദേശങ്ങൾ മറച്ച് മതിൽ കെട്ടിയത് വലിയ വിവാദമായിരുന്നു. ജി20 ഉച്ചകോടിക്ക് ഇന്ത്യയാണ് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. 

click me!