
ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിക്കൽ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവർക്ക് നോട്ടീസയച്ച് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ലോകായുക്തയിൽ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് അയച്ചത്. ലോകായുക്ത അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യത്തോടെയോ അല്ലെന്ന് വ്യക്തമാക്കി ഫെബ്രുവരിയിൽ കോടതി ഹർജി തള്ളിയിരുന്നു.
ഹർജിക്കാരൻ ആവശ്യപ്പെട്ടതുപോലെ സിബിഐ അന്വേഷണം എല്ലാ പരാതികൾക്കും പരിഹാരമല്ലെന്നും നിലവിലുള്ള അന്വേഷണത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാൻ യാതൊരു കാരണവുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്. മുഡയുടെ ബദൽ സ്ഥലങ്ങൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് കേസ്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് ഏറ്റെടുത്ത ഭൂമിക്ക് പകരമായി മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു.
സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്. സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ പാർവതി രണ്ടാം പ്രതിയുമാണ്. കേസ് നിലവിൽ കർണാടക ലോകായുക്ത പൊലീസിന്റെ അന്വേഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam