മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനായി മന്ത്രി വിഴുപ്പുറത്ത് എത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്.
ചെന്നൈ: തമിഴ്നാട് മന്ത്രിയ്ക്ക് നേരെ ചെളിയെറിഞ്ഞത് ബിജെപി പ്രവർത്തകരെന്ന് പൊലീസ്. ഇരുവേൽപെട്ടിലെ ബിജെപി പ്രവർത്തകരായ വിജയറാണി, രാമകൃഷ്ണൻ എന്നിവരാണ് മന്ത്രി കെ. പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞത്. എന്നാൽ, കേസ് എടുത്ത് വിഷയം സജീവമാക്കേണ്ടെന്നാണ് ഡിഎംകെയിൽ ഉയരുന്ന അഭിപ്രായമെന്ന് സൂചനയുണ്ട്. സംഭവം ഗൗരവമായി എടുക്കുന്നില്ലെന്ന് മന്ത്രി കെ. പൊന്മുടിയും പ്രതികരിച്ചിരുന്നു. അതേസമയം, മന്ത്രിയുടെ ദേഹത്തെ ചെളി ഡിഎംകെ സർക്കാരിനുള്ള സർട്ടിഫിക്കേറ്റാണെന്ന് ബിജെപി പരിഹസിച്ചു.
മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനായി മന്ത്രി വിഴുപ്പുറത്ത് എത്തിയപ്പോഴായിരുന്നു തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിൽ സംഭവം ഉണ്ടായത്. മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ വലിയ പ്രതിഷേധം നടത്തിയിരുന്നു. മകനും കളക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സർക്കാർ ചെന്നൈയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റ് ജില്ലകളെ അവഗണിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു.
undefined
അതേസമയം, ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടമാണ് വിഴുപ്പുറത്തുണ്ടായത്. ജില്ലയിൽ 51 സെന്‍റി മീറ്റർ വരെ മഴ പെയ്ത പ്രദേശങ്ങളുണ്ട്. നിരവധി വീടുകളും കടകളും കാർഷിക ഭൂമിയും വെള്ളത്തിൽ മുങ്ങിയ സ്ഥിതിയുണ്ടായി. പലയിടങ്ങളിലും പാലങ്ങളും റോഡുകളും വ്യാപകമായി തകർന്നു. കാർഷിക മേഖലയിൽ അതിരൂക്ഷമായ നാശനഷ്ടമാണ് ഉണ്ടായത്. 2.11 ലക്ഷം ഹെക്റ്റർ കാർഷിക ഭൂമിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. തമിഴ്‌നാട് സർക്കാർ ദുരിതാശ്വാസ നടപടികൾ തുടങ്ങിയിട്ടുണ്ട്.