സീസേറിയൻ കഴിഞ്ഞ് നാലാം ദിവസം അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിയിലെത്തി ആക്രമണം നടത്തിയ 27 പേർക്കെതിരെ കേസ്

By Web Team  |  First Published Nov 12, 2024, 10:59 PM IST

യുവതിക്ക് ഗർഭ കാലയളവിൽ തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇത് കാരണം ആറാഴ്ച മുമ്പ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.


മുംബൈ: പ്രസവ ശസ്ത്രക്രിയക്ക് ശേഷം നാലാം ദിവസം അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ അക്രമണം നടത്തിയ സംഭവത്തിൽ 27 പേർക്കെതിരെ കേസ്. മുംബൈ സാന്താക്രൂസിലെ വി.എൻ ദേശായി ആശുപത്രിയിലായിരുന്നു സംഭവം. അർച്ചന എന്ന യുവതിയാണ് നവംബ‍ർ ഏഴാം തീയ്യതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. നാല് ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച ഇരുവരും മരിക്കുകയായിരുന്നു.

മരണ വിവരമറിഞ്ഞ് നിരവധി ബന്ധുക്കൾ ആശുപത്രിയിലെത്തി. ഇവരിൽ ചിലരാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ മ‍ർദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തു. ആക്രമണത്തിൽ ജീവനക്കാർക്ക് പലർക്കും പരിക്കേൽക്കുകയും ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അതിൽ നിന്ന് കണ്ടെത്തിയ 27 പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Latest Videos

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറാഴ്ച മുമ്പാണ് അർച്ചന എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സീസേറിയൻ ശസ്ത്രക്രിയ നടത്തി. അപ്പോൾ തന്നെ കുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അമ്മയുടെയും ആരോഗ്യ നില മോശമായി. നാല് ദിവസങ്ങൾക്ക് ശേഷം അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. 

കുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളതായും ആരോഗ്യനില മെച്ചപ്പെടുന്നില്ലെന്നുള്ളതും നേരത്തെ തന്നെ യുവതിയുടെ ബന്ധുക്കളെ അറിയിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു.സീസേറിയന് മുമ്പും ബന്ധുക്കളുടെ സമ്മതം വാങ്ങിയിരുന്നു. ഗർഭകാലത്ത് യുവതിക്ക് ആവശ്യമായ പരിചരണമോ പോഷകാഹാരങ്ങളോ ലഭിച്ചിരുന്നില്ലെന്നും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് 7.5 ആയിരുന്നെന്നും ആശുപത്രി രേഖകൾ പറയുന്നു. ഇത് കാരണമാണ് ആറാഴ്ച മുമ്പ് തന്നെ യുവതിയെ അഡ്‍മിറ്റ് ചെയ്യേണ്ടി വന്നത്. 

എന്നാൽ ഇരുവരുടെയും മരണ ശേഷം ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയ ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാതെ ബഹളം വെയ്ക്കാൻ തുടങ്ങി. ഐസിയുവിൽ പ്രവേശിക്കാൻ ശ്രമിച്ചവരെ തടഞ്ഞ ഒരു നഴ്സിനെ ആക്രമിച്ചു. ഇത് തടയാനെത്തിയ ഒരു ഡോക്ടറെ ഒരാൾ കഴുത്തിൽ പിടിച്ച് ഞെക്കുകയും മറ്റുള്ളവർ ചേർന്ന് മുഖത്തും കൈകളിലും മർദിക്കുകയും ചെയ്തു. ഈ സമയം മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിച്ചു. പിന്നീട് ബന്ധുക്കൾ മെഡിക്കൽ സൂപ്രണ്ടിനെയും കൈയേറ്റം ചെയ്തതായി എഫ്ഐആറിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!