ഹിജാബ് മാറ്റാന്‍ പറയുന്നത് അന്തസിന് നേരെയുള്ള ആക്രമണമാണെന്നും മൗലിക അവകാശങ്ങളുടെ ലംഘനമെന്നും ജഡ്‍ജി വിധിയില്‍ വ്യക്തമാക്കി.
ദില്ലി: ഹിജാബ് വിലക്കിനെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നിലപാടെടുത്ത ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഹിജാബ് മാറ്റാന്‍ പറയുന്നത് അന്തസിന് നേരെയുള്ള ആക്രമണമാണെന്നും മൗലിക അവകാശങ്ങളുടെ ലംഘനമെന്നും ജഡ്‍ജി വിധിയില്‍ വ്യക്തമാക്കി. ഹിജാബ് പല പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ടിക്കറ്റാണ്. യഥാസ്ഥിതിക കുടുംബങ്ങള്‍ ഹിജാബ് ഇല്ലെങ്കില്‍ സ്‍കൂളില്‍ വിടില്ല. സ്വകാര്യതയ്ക്കുള്ള അവകാശം സ്കൂളിനകത്തും ഉണ്ടെന്ന് ധൂലിയ വിധിയില്‍ പറയുന്നു.
ഹിജാബ് അനിവാര്യമായ മതാചാരമാണോ എന്നത് ഈ കേസിൽ പ്രസക്തമല്ല. കർണ്ണാടക ഹൈക്കോടതി ഈ ചോദ്യത്തിലേക്ക് കടക്കേണ്ടതില്ലായിരുന്നു. ഒരു കാര്യം തെരഞ്ഞെടുക്കുന്നതിനും മതസ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശം എല്ലാവർക്കുമുണ്ട്. പെൺകുട്ടികളുടെ പഠനം ഉറപ്പാക്കലാണ് പ്രധാനം. വീട്ട് ജോലി ചെയ്ത ശേഷം പഠിക്കാൻ പോകുന്ന നിരവധി പെൺകുട്ടികളുണ്ട്. അവരെയൊക്കെ മനസിൽ കണ്ടാണ് തന്‍റെ വിധിയെന്നും ജസ്റ്റിസ് ധൂലിയ അറിയിച്ചു.
എന്നാല്‍ ഹിജാബ് വിലക്കിനെ ശരിവെച്ചായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധി പറഞ്ഞത്. ഹിജാബ് ധിരിക്കുന്നത് അനിവാര്യമായ മതാചാരം അല്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഇക്കാര്യത്തിൽ കർണ്ണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ധരിക്കാനുള്ള ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കുണ്ടെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു.
ഭിന്ന വിധി വന്ന സാഹചര്യത്തിൽ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിടണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം. മതാചാരം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർന്നതിനാൽ ഭരണഘടന ബെഞ്ച് വേണോ എന്ന കാര്യവും ചീഫ് ജസ്റ്റിസിന് ആലോചിക്കാം. ഹിജാബ് വിലക്കിന് ഇന്നും കോടതി സ്റ്റേ നല്‍കിയിട്ടില്ല. അതായത് സുപ്രീംകോടതിയുടെ അന്തിമ തീരുമാനം നീളുമെങ്കിലും അതുവരെ കർണ്ണാടകയിലെ ഹിജാബ് വിലക്ക് തുടരും. മുതിർന്ന അഭിഭാഷകരടക്കം ഹാജരായ കേസിൽ തുടർച്ചയായി 10 ദിവസം വാദം കേട്ട ശേഷമാണ് സുപ്രീം കോടതിയുടെ ഭിന്നവിധി വന്നിരിക്കുന്നത്.