തമിഴ്‍നാട്ടില്‍ 24 മണിക്കൂറിനിടെ 1515 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 31667 ആയി.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് കടന്നു. ആകെ മരണത്തില്‍ പകുതിയും കഴിഞ്ഞ 15 ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നു. 84 ശതമാനം കൊവിഡ് കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തമിഴ്‍നാട്ടില്‍ 24 മണിക്കൂറിനിടെ 1515 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 31667 ആയി. പുതിയ 1515 കൊവിഡ് കേസുകളില്‍ 1156 ഉം ചെന്നൈയില്‍ നിന്നാണ്. ചെന്നൈയിൽ 22149 രോഗബാധിതരാണുള്ളത്. പതിനെട്ട് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ തമിഴ്‍നാട്ടില്‍ മരണസംഖ്യ 269 ആയി. ചെന്നൈയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. വടകര സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. 67 വയസായിരുന്നു. മഹാരാഷ്ട്രയിൽ ഇന്ന് 3007 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 85,975 ആയി. 91 പേര്‍ ഇന്നുമാത്രം രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 3000 കടന്നു. നിലവില്‍ 43591 പേരാണ് ചികിത്സയിലുള്ളത്. ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 1282 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതർ 28,936 ആയി. 812 പേര്‍ ഇതുവരെ മരിച്ചു. നിലവിൽ ചികിത്സയിൽ ഉള്ളത് 17,125 പേരാണ്.
സെപ്റ്റംബര്‍ പകുതിയോടെ രാജ്യത്ത് കൊവിഡ് വ്യാപനം അവസാനിക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ വിദഗദ്ധരുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രോഗമുക്തി നിരക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി അസി. ഡയറക്ടര്‍ ജനറല്‍ രുപാലി റായ്, എന്നിവരുടെ നിഗമനം.