വാക്സീന്‍ ഉത്പാദനം: കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം

By Web Team  |  First Published May 19, 2021, 12:50 PM IST

പത്തിലധികം കമ്പനികൾ പരിഗണനയിൽ. കൂടുതൽ കമ്പനികൾക്ക് അനുമതി നൽകി പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.


ദില്ലി: വാക്സീന്‍ ഉത്പാദനത്തിന് കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. അതേസമയം, കുട്ടികളിലെ മരുന്ന് പരീക്ഷണം തടയണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ക്കും ദില്ലി ഹൈക്കോടതി നോട്ടീസയച്ചു.

വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ തീവ്രശ്രമവുമായി കേന്ദ്രം. രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കി നയം കൂടുതല്‍ ഉദാരമാക്കാനാണ് കേന്ദ്ര തീരുമാനം. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ നിര്‍മ്മാണ ഫോര്‍മുല കൈമാറാന്‍ സന്നദ്ധമാണെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. ബയോസെഫ്ടി ലെവല്‍ മൂന്ന് ലാബ് സൗകര്യമുള്ള കമ്പനികള്‍ക്ക് നിര്‍മ്മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. പത്തിലധികം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. രാജ്യത്തിന് ആവശ്യമുള്ളത് ഇവിടെ ഉത്പാദിപ്പിച്ച് സംഭരിക്കാമെന്നും അധികമുള്ളത് കയറ്റുമതി ചെയ്യാമെന്നുമാണ് വാക്സീന്‍ ഉത്പാദനം കൂട്ടാനുള്ള കേന്ദ്ര നീക്കത്തോട് മന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചത്. 

Latest Videos

undefined

ഓഗസ്റ്റ് മുതല്‍ കൂടുതല്‍ വിദേശ വാക്സീന്‍ എത്തി തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വാക്സീന്‍ ഉത്പാദനവും സംഭരണവും കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം. അതേസമയം, രണ്ട് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലെ രണ്ട് മൂന്ന് ഘട്ട വാക്സീന്‍ പരീക്ഷണം രണ്ടാഴ്ച്ചക്കുള്ളില്‍ തുടങ്ങാന്‍ അനുമതി നല്‍കിയ  കേന്ദ്ര തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ പൊതു തല്‍പര്യ ഹര്‍ജിയെത്തി. പരീക്ഷണം നിര്‍ത്തി വയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പരീക്ഷണത്തിന് സ്റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ച കോടതി കേന്ദ്രത്തിനും ഡ്രഗ്സ്സ് കണ്‍ട്രോളര്‍ ജനറല്‍ക്കും നോട്ടീസയച്ചു. കൊവാക്സീന്‍റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് തുടര്‍ഘട്ടങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!