വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ മോദി ഇന്ന് കന്യാകുമാരിയിലെത്തും, കനത്ത സുരക്ഷ, സന്ദർശകർക്ക് നിയന്ത്രണം

By Web Team  |  First Published May 30, 2024, 1:19 AM IST

ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാവുന്നതും.


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കൊഴിഞ്ഞ‌് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ  നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും.

പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവേകാനന്ദപ്പാറ യിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് നിരോധനം ഉണ്ട്. രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു

Latest Videos

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനമിരിക്കാൻ മോദി എത്തുന്നത്. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഇന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പൂര്‍ത്തിയാവുന്നതും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് . പരസ്യപ്രചാരണം പൂര്‍ത്തിയാകുന്നത് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് മോദിയുടെ തീരുമാനം.

2019 ലെ അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ മോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു. തെരഞ്ഞെടുപ്പിലെ അവസാനഘട്ടത്തില്‍ ഈ ദൃശ്യങ്ങള്‍ ബി.ജെ.പിക്ക് വലിയ ഊർജ്ജവും പകർന്നു. ആ പിൻബലത്തിലാണ് വീണ്ടും ധ്യാനമിരിക്കാൻ മോദി തീരുമാനിച്ചത്. എന്നാല്‍ ഇത്തവണ വടക്കേ ഇന്ത്യക്ക് പകരം തെക്കെ ഇന്ത്യയിലേക്കാണ് ധ്യാനം മാറുന്നതെന്നതാണ് ശ്രദ്ധേയം.

ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെക്കെ ഇന്ത്യയിലെ പ്രചാരണത്തില്‍ ബി.ജെ.പി പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. തമിഴ്നാട്, കേരളം കർണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൂടി മികച്ച പ്രകടനം നടത്തി 400  സീറ്റ് നേടുകയെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. തെര‍ഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തെക്കെ ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതിനൊപ്പം തമിഴ്നാട്ടിലെയടക്കം ക്ഷേത്രങ്ങളിലും മോദി തുടർച്ചയായി സന്ദർശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും തെക്കെ ഇന്ത്യയില്‍ തന്നെയാണ് മോദിയെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!