1988 ന് ശേഷം ഇതാദ്യം, വന സംരക്ഷണ നിയമ ഭേദഗതിക്ക് കേന്ദ്രം; ഒപ്പം വിവാദവും പ്രതിഷേധവും, കാരണമെന്ത്?

By Vaisakh Aryan  |  First Published Jul 13, 2022, 4:53 PM IST

പല നിയമങ്ങളും കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ട സമയമായെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. കർശന വ്യവസ്ഥകൾ കാരണം പലയിടത്തും വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നുവെന്നും ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് ഭേദഗതിയെന്നുമാണ് കേന്ദ്രം പറയുന്നത്


വന സംരക്ഷണ നിയമത്തില്‍ കേന്ദ്ര സർക്കാർ വരുത്തുന്ന പുതിയ ഭേദഗതികൾ വലിയ ചർച്ചയാവുകയാണ്. വനഭൂമിക്കുമേലുള്ള അനാവശ്യ നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വനഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കണമാണിതെന്ന് പ്രതിപക്ഷ വിമർശിക്കുന്നു. എന്താണ് ഈ വിവാദത്തിന് കാരണം?

എന്തുകൊണ്ട് നിലവിലെ നിയമത്തില്‍ ഭേദഗതി ?

Latest Videos

1980 ലെ വന സംരക്ഷണ നിയമത്തില്‍ കാതലായ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുന്നതിനായി 2021 ഒക്ടോബറിലാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുന്‍പ് 1988 ല്‍ ഒരുതവണ മാത്രമാണ് നിയമം ഭേദഗതി ചെയ്തത്. പല നിയമങ്ങളും കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ട സമയമായെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. കർശന വ്യവസ്ഥകൾ കാരണം പലയിടത്തും വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നുവെന്നും ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് ഭേദഗതിയെന്നുമാണ് കേന്ദ്രം പറയുന്നത്. 

സംരക്ഷിത മേഖല തീരുമാനം പുനഃപരിശോധിക്കും, സുപ്രീംകോടതിയിൽ ഹർജി നൽകും; ബഫർസോണിൽ തിരുത്താൻ സർക്കാർ

എന്തൊക്കെ മാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം കൊണ്ടുവരുന്നത് 

-1980ന് മുന്‍പേതന്നെ റെയില്‍വേ , റോഡ് മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള വനഭൂമികൾ നിയമത്തിന്‍റെ പരിധിയില്‍നിന്നും ഒഴിവാകും, കാലങ്ങളായി മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള എന്നാല്‍ ഇതിനോടകം വനമായി മാറിയ ഭൂമി വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് നിയമത്തിലെ കർശന വ്യവസ്ഥകൾ തടസമായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത് മാറും. 
- സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമിക്ക് ഇനി വീടുവയ്ക്കുന്നതിനടക്കം അനുമതി നല്‍കാനാകും. 
- രാജ്യാതിർത്തികൾക്ക് സമീപമുള്ള പ്രതിരോധ സേനയുടെ പദ്ദതികൾക്കായി വനഭൂമി ഉപയോഗപ്പെടുത്താനാകും. 
- പെട്രോൾ, ഗ്യാസ് തുടങ്ങിയ ഖനന പദ്ദതികൾക്ക് കർശന വ്യവസ്ഥകളോടെ വനഭൂമിയില്‍ അനുമതി നല്‍കാനാകും. 
- വനേതര ആവശ്യങ്ങൾക്കായി വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് നികുതി ചുമത്തുന്നതിലും, തോട്ടഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി നല്‍കുന്നതിലും വ്യവസ്ഥകൾക്ക് മാറ്റം വരും. 

വനസംരക്ഷണ നിയമത്തിലെ ഭേദഗതി: സർക്കാരിനെതിരെ പ്രതിപക്ഷം, വനംമന്ത്രിക്ക് ബൃന്ദയുടെ കത്ത്

ഇതൊക്കെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോഴുണ്ടാകുന്ന പ്രധാന മാറ്റങ്ങളെന്ന് വിദഗ്ധർ പറയുന്നു. എന്നാല്‍ പ്രതിപക്ഷം പ്രധാനമായും നിയമത്തിനെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളും ആശങ്കകളും ചെറുതായി കാണാനാകില്ല.

വിമർശനങ്ങൾ എന്തൊക്കെയെന്ന് നോക്കാം

- നിലവിലുള്ള നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മുന്‍കൂർ അനുമതി വേണം. വനഭൂമിയില്‍ ഏത് തരത്തിലുള്ള പ്രവർത്തനങ്ങൾക്കും വനവുമായി ചേർന്ന് താമസിക്കുന്ന ആദിവാസികളുടെയും ഗ്രാമസഭകളുടെയും അനുമതിയും നിർബന്ധമാണ്. പുതിയ ഭേദഗതിയിലൂടെ ഈ നിയന്ത്രണങ്ങളില്‍ കാര്യമായ മാറ്റംവരും. 
- കർശന വ്യവസ്ഥകളില്‍ കാര്യമായ മാറ്റങ്ങൾ വരുന്നതോടെ വനേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താന്‍ കോർപ്പറേറ്റുകൾക്ക് വനഭൂമി തീറെഴുതികൊടുക്കാന്‍ സാഹചര്യമൊരുങ്ങും. 
- സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമി നഷ്ടമാകാന്‍ കാരണമാകും. ചില സംസ്ഥാനങ്ങളില്‍ ആകെ വനഭൂമിയുടെ നാല് ശതമാനം വരെ സ്വകാര്യ വ്യക്തികളുടെ കൈയിലാണ്. 
- വികസന പദ്ദതികൾക്കായും വീട് വയ്ക്കാനും വനഭൂമി വിട്ട് നല്‍കുന്നതിലൂടെ വന്യജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിയാനും വനഭൂമി വ്യാപകമായി തരംമാറ്റാനും വഴിതെളിയും. 

പുതിയ നിയമങ്ങളിലെ ആശങ്കയറിയിച്ച് സി പി എം നേതാവ് ബൃന്ദകാരാട്ടും, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പരിസ്ഥിതി പ്രവർത്തകരും ഇതിനോടകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ആശങ്കയറിയിച്ചിട്ടുണ്ട്. ഭേദഗതികളെ ന്യായീകരിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്‍റെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നാണ് സി പി ഐ നേതാവും എം പിയുമായ ബിനോയ് വിശ്വത്തിന്‍റെ നിലപാട്. എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിന്‍റെ വംശത്തെ തന്നെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്രം ഭേദഗതിയിലൂടെ സ്വീകരിക്കുന്നതെന്നും ബിനോയ് വിശ്വം പറയുന്നു. 

എന്നാല്‍  വിമർശനം തുടരുമ്പോഴും ഈമാസം തുടങ്ങാനിരിക്കുന്ന പാർലമെന്‍റ് മൺസൂൺ സെഷനില്‍ ഇരുസഭകളിലും ബില്‍ പാസാക്കിയെടുത്ത് നിയമമാക്കാനാണ് കേന്ദ്രനീക്കം. 

ബഫർ സോൺ : 'ജനവാസ മേഖലകളെ ഒഴിവാക്കണം'; പ്രമേയം നിയമസഭയിൽ ഐക്യകണ്ഠേനെ പാസായി

click me!