ഈ വൈറസിൽ നിന്നും മോദി രക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ദീപം തെളിയിച്ചത് കൊണ്ടോ കയ്യടിച്ചത് കൊണ്ടോ വൈറസ് വ്യാപനം തടയാൻ സാധിക്കില്ല.
ദില്ലി: കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി മോദി പൂർണ്ണമായി പരാജയപ്പെട്ടു എന്ന് ഹൈദരാബാദിൽ നിന്നുള്ള എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി. '' വൈറസിൽ നിന്നും മോദി രക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട. ദീപം തെളിയിച്ചത് കൊണ്ടോ കയ്യടിച്ചത് കൊണ്ടോ വൈറസ് വ്യാപനം തടയാൻ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയിലെ സർക്കാർ കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്.'' പത്രസമ്മേളനത്തിൽ പങ്കെടുക്കവേ ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
''ഭരണഘടനാവിരുദ്ധമായും മുൻകൂട്ടി തയ്യാറാകാതെയുമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വെറും 500 പേരിൽ കൊറോണ വൈറസ് ബാധ ഉണ്ടായ സമയത്തായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപനം. എന്നാൽ ഇപ്പോൾ ലക്ഷക്കണക്കിന് ജനങ്ങളാണ് വൈറസ് ബാധിതരായിട്ടുള്ളത്.'' ഒവൈസി വ്യക്തമാക്കി. ''കോടിക്കണക്കിന് തൊഴിലാളികൾ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോയപ്പോൾ ലോക്ക് ഡൗൺ പിൻവലിച്ചു. ട്രെയിനിൽ 85 തൊഴിലാളികൾ മരിച്ച സംഭവത്തിന് ആരാണ് ഉത്തരവാദികൾ? അവരെല്ലാം തന്നെ ഒബിസി, പിന്നാക്ക വിഭാഗത്തിലുള്ളവരാണ്. ഇന്നലെ ഒരു മാധ്യമപ്രവർത്തകൻ മരിച്ചു. ഇവരെക്കുറിച്ച് ആരാണ് സംസാരിക്കാനുള്ളത്? സർക്കാർ ഒരു ആനയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അവർക്ക് തലക്കെട്ടുകളിൽ മാത്രമാണ് താത്പര്യം.'' ഒവൈസി പറഞ്ഞു.
65 വയസ്സിൽ കൂടുതലുള്ള ആളുകളും 12 വയസ്സിൽ താഴെയുള്ള കുട്ടികളും മോസ്കുകളിൽ പ്രവേശിക്കരുതെന്ന് അദ്ദേഹം നിർദ്ദേശം നൽകി. ''പ്രാർത്ഥിക്കുന്ന സമയത്തും എല്ലാവരും മാസ്ക് ധരിക്കണം. പ്രാർത്ഥനയ്ക്ക് മുമ്പുള്ള ശുദ്ധീകരണത്തിനും ടോയ്‍ലെറ്റിലും വെള്ളം നൽകരുത്. എല്ലാവരും വീടുകളിൽ നിന്ന് തന്നെ ഇവയെല്ലാം ചെയ്തിട്ടു വന്നിട്ടാകണം പ്രാർത്ഥിക്കാൻ തുടങ്ങേണ്ടത്. അതുപോലെ പള്ളികളിൽ സാമൂഹിക അകലം പാലിക്കണം. പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാനുള്ള പരവതാനികളും വസ്ത്രങ്ങളും വീടുകളിൽ നിന്ന് തന്നെ കൊണ്ടുവരണം.'' ആരാധനാലയങ്ങൾ പ്രാർത്ഥനയ്ക്കായി തുറന്ന് കൊടുത്ത നീക്കത്തിൽ പ്രതികരിക്കവേയാണ് ഒവൈസി ഈ നിർദ്ദേശങ്ങൾ നൽകിയത്.