വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ

By Web Team  |  First Published Dec 3, 2024, 9:35 AM IST

അച്ഛനുമായി പിരിഞ്ഞ ശേഷം അമ്മ യുവാവുമായി ലിവിംഗ് ബന്ധത്തിൽ ഏർപ്പെട്ടതിൽ ക്ഷുഭിതനായ മകൻ യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു


ദില്ലി: വിവാഹ മോചിതയായ അമ്മയുടെ ലിവിംഗ് പങ്കാളിയെ കുത്തിപരിക്കേൽപ്പിച്ച് പ്രായപൂർത്തിയാകാത്ത മകൻ. ദില്ലിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി വൈകിയുണ്ടായ അക്രമത്തിൽ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് ഞായറാഴ്ച വടക്കൻ ദില്ലിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രിയാണ് ഷാഹാബാദ് ദൌലത്പൂരിലെ കൺട്രോൾ റൂമിലേക്ക് സഹായം ആവശ്യപ്പെട്ടുള്ള ഫോൺ വിളി എത്തിയത്. 

സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. തുടക്കത്തിൽ മഹാറിഷി വാൽമീകി ആശുപത്രിയിലും പിന്നീട് ബാബാ സാഹബ് അംബേദ്കർ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവ് ഇപ്പോഴും അബോധാവസ്ഥയിൽ  തുടരുകയാണ്. യുവാവിനെ ആക്രമിച്ച ആൺകുട്ടിയുടെ അമ്മ വിവാഹ മോചിതയാണ്. ഇവരുടെ ലിംവിംഗ് ടുഗൈദർ ബന്ധത്തോട് മകൻ എതിർപ്പുണ്ടായിരുന്നു. ഇതിനേച്ചൊല്ലി വീട്ടിൽ അമ്മയും മകനും തമ്മിൽ കലഹം പതിവായിരുന്നതായാണ് ദൃക്സാക്ഷികൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ആൺകുട്ടി യുവാവിനോടും അമ്മയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. 

Latest Videos

undefined

ശനിയാഴ്ച യുവാവിന്റെ കടയിലെത്തിയ ആൺകുട്ടിയും യുവാവും തമ്മിൽ തർക്കമുണ്ടായി. വാക്കു തർക്കത്തിനിടെ ആൺകുട്ടി യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അക്രമം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ തന്നെ ജുവനൈൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായാണ് പൊലീസ് വിശദമാക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആൺകുട്ടി നേരത്തെയും ക്രിമിനൽ കേസുകളിൽ ഇടപെട്ടതായി കണ്ടെത്താൻ സാധിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനാൽ തന്നെ ആൺകുട്ടിയെ പ്രായപൂർത്തിയായ വ്യക്തിയായി കണ്ട് വിചാരണ ചെയ്യണമെന്ന ആവശ്യമാണ് പൊലീസ് കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!