പഴയ ദില്ലി റെയില്‍വെ സ്റ്റേഷനില്‍ ആഹാരവും വെള്ളവുമായെത്തിയ ഉന്തുവണ്ടി തടഞ്ഞുവച്ച് ഒരുകൂട്ടം ആളുകള്‍ അതെല്ലാം തട്ടിപ്പറിക്കുകയായിരുന്നു.
ദില്ലി: കൊവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിന് പേരെയാണ് പെരുവഴിയിലാക്കിയത്. ഭക്ഷണവും വെള്ളവും തലചായ്ക്കാനൊരിടവുമില്ലാതെ തെരുവില്‍ പട്ടിണികിടക്കുകയാണ് പലരും. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ധാരാളം പുറത്തുവരുന്നുണ്ട്. ഇതിനിടെ ദില്ലി റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഭക്ഷണവും വെള്ളവും തട്ടിപ്പറിക്കുന്ന അതിഥി തൊഴിലാളികളുടെ ചിത്രമാണ് ഇപ്പോള്‍ ഹൃദയഭേദകമാകുന്നത്.
പഴയ ദില്ലി റെയില്‍വെ സ്റ്റേഷനില്‍ ആഹാരവും വെള്ളവുമായെത്തിയ ഉന്തുവണ്ടി തടഞ്ഞുവച്ച് ഒരുകൂട്ടം ആളുകള്‍ അതെല്ലാം തട്ടിപ്പറിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. നാല് പെട്ടികളിലായി ചിപ്സ്, ബിസ്കറ്റ്, മറ്റ് പാക്കറ്റ് ആഹാരങ്ങള്‍ എന്നിവയും വെള്ളക്കുപ്പികളുമാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടം അതഥി തൊഴിലാളികള്‍ ഉന്തുവണ്ടി തടഞ്ഞുവെച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ ആളുകള്‍ കൂടി. കയ്യില്‍ കിട്ടാവുന്നതെല്ലാം അവര്‍ തട്ടിപ്പറിച്ചെടുത്ത് ഉടന്‍ തന്നെ അവിടെനിന്ന് രക്ഷപ്പെട്ടു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ വേണ്ടി പഴയ ദില്ലി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ശ്രമിക് സ്പെഷ്യല്‍ ട്രെയിന്‍ എടുക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായിപ്പോയ അതിഥി തൊഴിലാളികളുടെ ഗതികേടിന്‍റെ ഒറ്റ ചിത്രം മാത്രമാണിത്. തങ്ങള്‍ക്കും കുടുംബത്തിനും ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരത്തിനായി എന്തും ചെയ്യും എന്ന അവസ്ഥയിലാണ് അവര്‍. പലരും തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ കാല്‍നടയായി നൂറിലേറെ കിലോമീറ്ററുകള്‍ നടന്ന് കുഴഞ്ഞുവീണ് മരിച്ചു.