ശ്രമിക് ട്രെയിനുകളിൽ തൊഴിലാളികളുടെ ദുരിത യാത്ര, പരാതി അന്വേഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

By Web Team  |  First Published May 23, 2020, 6:52 PM IST

ആന്ധ്രപ്രദേശിൽ നിന്നും തൊഴിലാളികളുമായി ബിഹാറിലേക്ക് പുറപ്പെട്ട ട്രെയിൻ പതിനഞ്ച് മണിക്കൂറിലേറെ നേരമാണ് യുപിയിലെ ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടത്


ദില്ലി: രാജ്യത്ത് ശ്രമിക് ട്രെയിനുകളിൽ തൊഴിലാളികളുടെ ദുരിത യാത്ര തുടരുന്നു. ഉത്തർപ്രദേശിൽ ട്രെയിൻ മണിക്കൂറുകളോളം നിർത്തിയിട്ടതിൽ തൊഴിലാളികൾ ട്രാക്കിൽ ഇറങ്ങി പ്രതിഷേധിച്ചു. മുംബൈയിൽ നിന്നും ഉത്തർപ്രദേശിൽ എത്തേണ്ട ട്രെയിൻ വഴി തെറ്റി ഒഡീഷയിലെത്തി. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന തൊഴിലാളികളുടെ പരാതി അന്വേഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആന്ധ്രപ്രദേശിൽ നിന്നും തൊഴിലാളികളുമായി ബിഹാറിലേക്ക് പുറപ്പെട്ട ട്രെയിൻ പതിനഞ്ച് മണിക്കൂറിലേറെ നേരമാണ് യുപിയിലെ ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടത്. ഏറെ വൈകിയും വെള്ളവും ഭക്ഷണവും കിട്ടാതായതോടെ തൊഴിലാളികൾ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. മഹാരാഷ്ട്രയിൽ നിന്ന് യുപിയിലേക്ക് തിരിച്ച മറ്റൊരു ട്രെയിനും മണിക്കൂറുകളോളം നിർത്തിയിട്ടു. യുപിയിലെ തന്നെ മുഗൾസരായ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി തൊഴിലാളികൾ പ്ലാറ്റ് ഫോമിൽ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പികൾ കൂട്ടമായി എടുത്തോടുന്നത് ദുരിതയാത്രയുടെ മറ്റൊരു കാഴ്ച്ചയായി.

Latest Videos

മുംബൈയിൽ നിന്നും ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട  ട്രെയിനാണ് വഴി തെറ്റി ഒഡീഷയിലെ റൂർക്കേലയിലെത്തിയത്. സംഭവത്തിൽ റെയിൽവേ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. 2600 ശ്രമിക് ട്രെയിനുകളിലായി ഇതുവരെ മുപ്പത്തിയഞ്ച് ലക്ഷം തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്. ഇതിൽ എൺപത് ശതമാനം തൊഴിലാളികളും യുപി, ബീഹാ‍ർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്.

 

click me!