അതിഥി തൊഴിലാളികളുടെ കാര്യത്തിൽ വീഴ്ച; ഭക്ഷണവും യാത്രയും സൗജന്യമാക്കണമെന്ന് സുപ്രീം കോടതി

By Web Team  |  First Published May 28, 2020, 3:35 PM IST

പരസ്പരം കുറ്റപ്പെടുത്തിയ സമീപനം വേണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ യഥാർത്ഥ വസ്തുതയാണ് പരിശോധിക്കപ്പെടേണ്ടതെന്നും എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് നൽകണമെന്നും വ്യക്തമാക്കി


ദില്ലി: തൊഴിലാളികളുടെ കാര്യത്തിൽ രാജ്യത്ത് ഒരുപാട് വീഴ്ചകളുണ്ടായെന്ന് സുപ്രീം കോടതിയുടെ വിമർശനം. എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് നൽകിയിട്ടില്ല. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലത്ത് ഭക്ഷണം സൗജന്യമായി നൽകണം. യാത്ര ചെയ്യുമ്പോൾ ട്രെയിനിലും ബസിലും ഭക്ഷണം വിതരണം ചെയ്യണം. സൗജന്യമായി താമസ സൗകര്യം ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി.

ട്രെയിനിലും ബസിലും തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുത്. തൊഴിലാളികൾക്ക് സൗജന്യ യാത്ര അനുവദിക്കണം. യാത്രാ ചെലവ് സംസ്ഥാനങ്ങൾ പങ്കിടണം. രജിസ്ട്രേഷന് ശേഷം കാത്തിരിക്കേണ്ടി വരുന്നതുകൊണ്ടാണ് തൊഴിലാളികൾ നടന്ന് പോകുന്നത്. നടക്കുന്ന തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി അവർക്ക് ഭക്ഷണം ഉറപ്പാക്കണം. സംസ്ഥാനങ്ങൾ ട്രെയിൻ ആവശ്യപ്പെട്ടാൽ റെയിൽവെ ഉടൻ അനുവദിക്കണമെന്നും കോടതി പറഞ്ഞു.

Latest Videos

കൊവിഡിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീം കോടതിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. കേന്ദ്രസർക്കാരും മറുപക്ഷവും ശക്തമായ വാദങ്ങൾ ഉന്നയിച്ചപ്പോൾ, പരസ്പരം കുറ്റപ്പെടുത്തിയ സമീപനം വേണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ യഥാർത്ഥ വസ്തുതയാണ് പരിശോധിക്കപ്പെടേണ്ടതെന്നും എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 50 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ തിരികെ അവരുടെ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചെന്ന് കേന്ദ്രം പറഞ്ഞു. 3700 ട്രെയിനുകൾ ഇതിനായി ഓടിച്ചു. 1.85 ലക്ഷം തൊഴിലാളികളെ നാട്ടിലെത്തിക്കുന്നുണ്ട്. റോഡ് മാർഗം 47 ലക്ഷം തൊഴിലാളികളെയും നാട്ടിലെത്തിച്ചുവെന്നും കേന്ദ്രം പറഞ്ഞു.

തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് പുറപ്പെടുന്ന സംസ്ഥാനങ്ങളോ എത്തിച്ചേരേണ്ട സംസ്ഥാന സർക്കാരോ ആണ് വഹിക്കുന്നത്. ഭക്ഷണവും വെള്ളവും ഇന്ത്യൻ റെയിൽവെ നൽകുന്നുണ്ട്. 84 ലക്ഷം പേർക്ക് റെയിൽവെ ഭക്ഷണം വിതരണം ചെയ്തു. തൊഴിലാളികളുടെ യാത്രാപ്രശ്നമാണ് പ്രധാനമെന്ന് പറഞ്ഞ കോടതി, രജിസ്ട്രേഷന് വേണ്ടി മാത്രം പലർക്കും ഒരാഴ്ചവരെ കാത്തിരിക്കേണ്ടി വന്നുവെന്നും ചൂണ്ടിക്കാട്ടി. തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുവരെ അവർക്ക് ഭക്ഷണവും മറ്റ് അവശ്യ സൗകര്യവും ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികളാണ് സ്വീകരിക്കേണ്ടത്. അതിഥി തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ കൃത്യമായ പദ്ധതിയില്ലെന്നത് യാഥാർത്ഥ്യമാണ്. പ്രശ്ന പരിഹാരത്തിന് മെച്ചപ്പെട്ട നടപടികൾ വേണം. എല്ലാവരെയും തിരിച്ചെത്തിക്കാൻ എത്ര സമയമെടുക്കുമെന്ന് കോടതി ചോദിച്ചു. ഒരു കോടിയോളം പേരെ തിരിച്ചെത്തിച്ചെന്നും ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ കുറേയധികം പേർ തിരികെ പോകേണ്ടെന്ന് നിലപാടെടുത്തുവെന്നും കേന്ദ്രം പറഞ്ഞു.

അത്തരം തൊഴിലാളികളുടെ കണക്ക് സംസ്ഥാനങ്ങളുടെ കയ്യിലാണ് ഉള്ളതെന്നും കേന്ദ്രം. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയെന്തെന്നും തൊഴിലാളികൾക്ക് ഇതേക്കുറിച്ച് ധാരണയുണ്ടോയെന്നും കോടതി ചോദിച്ചു. ഒരു സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങൾ തടയുന്ന സ്ഥിതിയാണ്. യാത്രക്കായി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുകൊടുക്കാൻ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു. തൊഴിലാളികളിൽ നിന്ന് പണം ഈടാക്കാതിരിക്കാനും അവരെ പ്രതിസന്ധിയിലാക്കാതിരിക്കാനും നടപടി വേണം. അതെങ്ങനെ ഉറപ്പുവരുത്താനാകുമെന്നും കോടതി ചോദിച്ചു.

സർക്കാർ ആത്മാർത്ഥമായാണ് പ്രവർത്തിക്കുന്നതെന്നും ചിലർ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സോളിസിറ്റർ ജനറൽ കുറ്റപ്പെടുത്തി. ചില മാധ്യമങ്ങൾ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്. കോടിക്കണക്കിന് രൂപ വരുമാനമുള്ളവരാണ് തൊഴിലാളികൾക്ക് വേണ്ടി വാദിക്കാനെത്തുന്നത്. ഇവരൊന്നും ഒരുപൈസ പോലും തൊഴിലാളികൾക്ക് വേണ്ടി ചെലവാക്കുന്നില്ല. ചില ഹൈക്കോടതികൾ സമാന്തര സർക്കാരിനെ പോലെയാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ യാത്രാ ചെലവ് കേന്ദ്രവും സംസ്ഥാനവും പങ്കിടുന്നത് എല്ലാ സംസ്ഥാനത്തും ഒരുപോലെയല്ലെന്നും പറഞ്ഞ സോളിസിറ്റർ ജനറൽ. കപിൽ സിബൽ വാദിക്കുന്നതിനെ എതിർത്തു. കപിൽ സിബൽ കോടതിയെ രാഷ്ട്രീയത്തിന് വേദിയാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ രാഷ്ട്രീയമല്ല, മാനുഷിക പ്രശ്നമാണിതെന്ന് കപിൽ സിബൽ തിരിച്ചടിച്ചു. തൊഴിലാളികളുടെ പ്രശ്നത്തിൽ കപിൽ സിബൽ എന്ത് നൽകിയെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചു. നാല് കോടിയായിരുന്നു തന്റെ സംഭാവനയെന്ന് കപിൽ സിബൽ മറുപടി നൽകി. തൊഴിലാളികളുടെ കാര്യത്തിൽ വ്യക്തമായ പദ്ധതി കേന്ദ്രത്തിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

തൊഴിലാളികളുടെ കാര്യത്തിൽ എത്രപണം ചെലവാകുമെന്നൊന്നും തങ്ങൾക്ക് അറിയേണ്ടെന്ന് കോടതി വ്യക്തമാക്കി. എത്ര തൊഴിലാളികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് അറിയേണ്ടത്. പരസ്പരം കുറ്റപ്പെടുത്തിയുള്ള സമീപനം വേണ്ട. യഥാർത്ഥ വസ്തുത പരിശോധിക്കപ്പെടണം. ഇതര സംസ്ഥാന തൊഴിലാളികളുടെ സ്ഥിതിയെ കുറിച്ച് എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ഇതുവരെ കോടതി കേട്ടില്ലെന്ന് അഭിഭാഷക ഇന്ദിര ജയ്സിംഗും കുറ്റപ്പെടുത്തി. നാല് കോടി തൊഴിലാളികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നുവെന്നും അവർ പറഞ്ഞു.

തിരിച്ചുപോകാൻ താല്പര്യമില്ലാത്ത തൊഴിലാളികളുടെ കാര്യമാണ് ഇന്ദിര ജയ്സിംഗ് പറയുന്നത് എന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. എല്ലാവരുടേയും കാര്യമല്ല, എത്ര തൊഴിലാളികൾ തിരിച്ചു പോകാനാകാതെ കുടുങ്ങി കിടക്കുന്നുവെന്നുമാണ് അറിയേണ്ടതെന്നും കോടതി പറഞ്ഞു.

click me!