നടക്കാന്‍ കഴിയാത്ത മകനുണ്ട്, ബറേലി വരെയെത്താന്‍ സൈക്കിള്‍ എടുക്കുന്നു; വൈറലായി കുടിയേറ്റ തൊഴിലാളിയുടെ കുറിപ്പ്

By Web Team  |  First Published May 17, 2020, 8:50 AM IST

സൈക്കിള്‍ മോഷണം പോയതറിഞ്ഞ് പൊലീസിനെ സമീപിക്കാനൊരുങ്ങുമ്പോഴാണ് ഇഖ്ബാല്‍ ഖാന്‍റെ കുറിപ്പ് സാഹിബ് സിംഗിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. 


ജയ്പൂര്‍: ലോക്ക്ഡൌണ്‍കാലത്ത് സ്വന്തം നാടുകളിലേക്ക് മറ്റ് മാര്‍ഗമില്ലാതെ നടന്നുപോയ കുടിയേറ്റത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും അവര്‍ നേരിട്ട പ്രയാസങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനില്‍ നിന്ന് ഭിന്നശേഷിക്കാരാനായ മകനേയും കൊണ്ട് ഉത്തര്‍ പ്രദേശിലേക്ക് വരാനായ ഒരു പിതാവ് നടത്തിയ മോഷണമാണ് അത്തരത്തില്‍ ചര്‍ച്ചയാവുന്ന സംഭവങ്ങളിലൊന്ന്. രാജസ്ഥാനിലെ ഭാരത്പൂറില്‍ നിന്നുമാണ് മുഹമ്മദ് ഇഖ്ബാല്‍ ഖാന് ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് എത്തേണ്ടിയിരുന്നത്. 

ഭിന്നശേഷിക്കാരനായ മകനേയും കൊണ്ട് നാട്ടിലേക്ക് പോകാന്‍ ഇഖ്ബാലിന് മറ്റ് ഗതാഗത സൌകര്യമൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഒരു വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന സൈക്കിള്‍ ഇയാള്‍ മോഷ്ടിക്കുന്നത്. ഭാരത്പൂറിലെ സഹാനവാലി ഗ്രാമത്തിലെ സാഹിബ് സിംഗ് എന്നയാളുടെ സൈക്കിളാണ് ഇഖ്ബാല്‍ മോഷ്ടിച്ചത്. ഒരു കുറിപ്പ് വച്ച ശേഷമാണ് ഇഖ്ബാല്‍ സൈക്കിള്‍ മോഷ്ടിച്ചത്. 

Latest Videos

സൈക്കിള്‍ മോഷണം പോയതറിഞ്ഞ് പൊലീസിനെ സമീപിക്കാനൊരുങ്ങുമ്പോഴാണ് ഇഖ്ബാല്‍ ഖാന്‍റെ കുറിപ്പ് സാഹിബ് സിംഗിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ഞാന്‍ താങ്കളുടെ സൈക്കിള്‍ എടുക്കുകയാണ്. കഴിയുമെങ്കില്‍ ക്ഷമിക്കണം. എനിക്കൊരു കുഞ്ഞുണ്ട് അവന് വേണ്ടിയാണ് താനിത് ചെയ്യുന്നത്. നടക്കുവാന്‍ സാധിക്കാത്ത മകനുമായി ഞങ്ങള്‍ക്ക് ബറേലി വരെ പോകണം. എന്നായിരുന്നു ഹിന്ദിയിലെഴുതിയ ആ കുറിപ്പില്‍ പറയുന്നത്. കത്ത് കണ്ട ശേഷം പൊലീസില്‍ പരാതിപ്പെടേണ്ടെന്ന് സാഹിബ് സിംഗ് തീരുമാനിക്കുകയായിരുന്നു. താന്‍ ഉപയോഗിക്കുന്നതായിരുന്നുവെങ്കിലും  അതൊരു പഴയ സൈക്കിള്‍ ആയിരുന്നു. അയാള്‍ ആ കുഞ്ഞുമായി നാട്ടിലെത്തട്ടെയെന്ന് സാഹിബ് സിംഗും സഹോദരന്‍ പ്രഭു ദയാലും ഇന്ത്യ ടുഡേയോട് വ്യക്തമാക്കി.

ലോക്ക്ഡൌണിനേ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ നിരവധി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നടന്ന് പോകുന്നത്. നാട്ടിലേക്ക് റെയില്‍ പാളത്തിലൂടെ നടന്നു പോവുന്നതിനിടയില്‍ പാളത്തില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ചിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. കഴിഞ്ഞ ദിവസമാണ് റോഡരുകില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികളെ വാഹനമിടിച്ച് നിരവധിപ്പേര്‍ മരിച്ചത്.  

click me!