കൂട്ടുകാരനെ മടിയില്‍ കിടത്തി സഹായം തേടുന്ന അതിഥി തൊഴിലാളി, ചിത്രത്തിന് മരണത്തിന്‍റെ മണമുണ്ട്

By Web Team  |  First Published May 17, 2020, 12:03 PM IST

തന്‍റെ മടിയില്‍ കിടക്കുന്ന അമൃതിനെയും ചേര്‍ത്ത് പിടിച്ച് യാക്കൂബ് സഹായം തേടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.


ഭോപ്പാല്‍: ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോകുന്ന സംഘത്തോടൊപ്പം ട്രക്കില്‍ യാത്ര ചെയ്യുകയായിരുന്നു അമ്രിത് എന്ന അതിഥി തൊഴിലാളി.  സൂറത്തില്‍നിന്ന് പുറപ്പെട്ട ട്രക്കില്‍ നില്‍ക്കാനുള്ള സ്ഥലത്തിനായി 4000 രൂപ നല്‍കിയാണ് അമൃത് യാത്ര പുറപ്പെട്ടത്. പക്ഷേ യാത്രക്കിടയില്‍ അമൃത് കുഴഞ്ഞുവീണു. അതോടെ മധ്യപ്രദേശിലെ ശിവപുരിയില്‍ വച്ച് അമൃതിനെ ട്രക്കില്‍ നിന്ന് ഇറക്കിവിട്ടു.

സുഹൃത്ത് യാക്കൂബ് മാത്രമായിരുന്നു അമൃതിനൊപ്പമുണ്ടായിരുന്നത്. തന്‍റെ മടിയില്‍ കിടക്കുന്ന അമൃതിനെയും ചേര്‍ത്ത് പിടിച്ച് യാക്കൂബ് റോഡിലൂടെ പോകുന്നവരോടെല്ലാം സഹായം തേടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ നിസ്സഹായാവസ്ഥയുടെ പ്രതീകമാവുകയായിരുന്നു ഈ ചിത്രം. 

Latest Videos

അമൃതിന് പനിയും ചര്‍ദ്ദിയുമുണ്ടായിരുന്നു. നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന അസ്വസ്ഥതകളാണ് അമൃത് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ വച്ച് 24കാരനായ അമൃത് മരിച്ചു. അമൃതിന്‍റെ കൊവിഡ് 19 പരിശോധാനാ ഫലം പുറത്തുവന്നാല്‍ മാത്രമേ രോഗത്തെ സംബനിധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകൂ. ഇതോടെ യാക്കൂബിനെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. 

ഗുജറാത്തിലെ ഒരു ഗാര്‍മന്‍റ് ഫാക്ടറിയില്‍ തൊഴിലെടുക്കുകയായിരുന്നു അമൃത്. ലോക്ക്ഡൗണില്‍ ഫാക്ടറി പൂട്ടിയതോടെ ജോലി നഷ്ടമായി. ആഹാരത്തിന് പോലും മാര്‍ഗ്ഗമില്ലാതായതോടെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. 


 

click me!