30കിലോമീറ്റർ ;കുഞ്ഞുങ്ങളെ ആരെങ്കിലും തട്ടിയെടുക്കുമെന്ന് ഭയന്ന് രാത്രി ഉറക്കമില്ല, തെരുവിലുറങ്ങി ഒരു കുടുംബം

By Web Team  |  First Published May 16, 2020, 8:40 PM IST

ബീഹാറിലേക്ക് ട്രെയിൻ പിടിക്കാമെന്ന പ്രതീക്ഷയിലാണ് മകൾ അഞ്ജലിക്കും മകൻ വിശാലിനും ഒപ്പം അവർ ദില്ലിയിലെത്തിയത്. എന്നാൽ നിരാശമാത്രമായിരുന്നു ഫലം. ഏഴ് മാസം ഗർഭിണിയും കൂടിയാണ് വിഭ. 


ദില്ലി: ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് മടങ്ങുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ നാട്ടിലേക്ക് പോകാനായി ഇറങ്ങിത്തിരിച്ചതായിരുന്നു ജിതേന്ദർ സാഹ്നിയും കുടുംബവും. 

30 കിലോമീറ്റർ നടന്നാണ് ജിതേന്ദർ സാഹ്നിയും ഭാര്യ വിഭ ദേവിയും മക്കൾക്കൊപ്പം ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ബീഹാറിലേക്ക് ട്രെയിൻ പിടിക്കാമെന്ന പ്രതീക്ഷയിലാണ് മകൾ അഞ്ജലിക്കും മകൻ വിശാലിനും ഒപ്പം അവർ ദില്ലിയിലെത്തിയത്. എന്നാൽ നിരാശമാത്രമായിരുന്നു ഫലം. ഏഴ് മാസം ഗർഭിണിയും കൂടിയാണ് വിഭ. 

Latest Videos

ഹരിയാനയിലെ ഫരീദാബാദിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ജിതേന്ദർ സാഹ്നി. കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സാഹ്നിക്ക് വരുമാനം ഇല്ലാതായി.സാഹ്നിയുടെ കോൺട്രാക്ടർ പണം നൽകിയില്ലെന്ന് മാത്രമല്ല, സാഹ്നിയുടെ ഫോൺ കോളുകൾ അയാൾ എടുത്തിരുന്നുമില്ല. 

ഇടക്ക് എത്തുന്ന ഫുഡ് ട്രക്കിൽ നിന്ന് ലഭിക്കുന്ന ഭക്ഷണവും 2000 രൂപയും കൊണ്ട് 50 ദിവസമാണ് നാല് പേരടങ്ങുന്ന ഈ കുടുംബം അതിജീവിച്ചത്. ഇതിൽ 1500 രൂപ വിഭ ദേവിയുടെ അമ്മ ബാങ്ക് ട്രാൻസ്ഫർ ചെയ്തു നൽകിയ വിധവാ പെൻഷനാണ്. 500 രൂപ ജൻ ധൻ യോജന അക്കൗണ്ടിലേക്ക് കേന്ദ്രം നൽകിയതും. 

പിന്നാലെ, കയ്യിലുണ്ടായിരുന്ന പണത്തിന്റെ ഏറിയ പങ്കും തീർന്ന് തുടങ്ങി. ഇതോടെയാണ് കുടുംബം ഫരീദാബാദിൽ നിന്ന് ദില്ലി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാൻ തീരുമാനിച്ചത്. രണ്ട് ദിവസമെടുത്താണ് അവർ ദില്ലിയിൽ എത്തിയത്. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ എത്തിയ തങ്ങളെ പൊലീസ് വിരട്ടിയോടിച്ചുവെന്ന് സാഹ്നി പറയുന്നു.

“ജനറൽ ട്രെയിനുകൾ ഓടുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കൂടാതെ എസി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്നും അവർ പറഞ്ഞു. പക്ഷേ, എസി ടിക്കറ്റിന് വേണ്ട 5000 രൂപ ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല. കുറച്ച് പണമെടുത്ത് ഞങ്ങളെ നിലത്തിരുന്ന് യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ഞാൻ അപേക്ഷിച്ചു. പക്ഷേ, അവർ ഞങ്ങളെ ഓടിച്ചു വിട്ടു.”- ദമ്പതികൾ പറഞ്ഞതായി സ്ക്രോൾ ഇൻ റിപ്പോർട്ട് ചെയ്യുന്നു.

“ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള തെരുവിലാണ് കഴിയുന്നത്. രാത്രിയിൽ ഞങ്ങൾ ഉറങ്ങാറില്ല. ഞങ്ങളുടെ മക്കളെ ആരെങ്കിലും മോഷ്ടിച്ചാലോ?”- വിഭ ദേവി ചോദിക്കുന്നു.

നിലവിൽ സന്നദ്ധ സംഘടനകൾ നൽകുന്ന വെള്ളവും ഭക്ഷണവും കഴിച്ചാണ് കുടുംബം മുന്നോട്ട് പോകുന്നത്. പൊതു ശൗചാലയങ്ങൾ പണം നൽകിയാണ് ഇവർ ഉപയോഗിക്കുന്നത്. കൂടാതെ ശൗചാലയം നടത്തിപ്പുകാർക്ക് 10 രൂപ നൽകിയാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത്.

click me!