മകനെ കാണാനില്ലെന്ന വിവരം ലഭിച്ച ഉടനെ പിതാവ് ലണ്ടനിലേക്ക് പുറപ്പെട്ടു.
പഞ്ചാബ്: നേവി ഉദ്യോഗസ്ഥനായ യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. മെര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ബല്‍രാജ് സിങി (21) ന്‍റേത് ആത്മഹത്യയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പഞ്ചാബിലെ മൊഹാലി സ്വദേശിയായ വിക്രം ജീത്ത് സിങിന്‍റെ ഏക മകനാണ് ബല്‍രാജ്.
മൊഹാലിയിലെ മൗണ്ട് കാര്‍മല്‍ സ്കൂളിലാണ് ബല്‍രാജ് 12-ാം ക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനം നോയിഡയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 നാണ് ബല്‍രാജ് നേവിയില്‍ ജോലി ആരംഭിച്ചത്. ട്രെയിനിങ് സമയത്താണ് യുവാവിന്‍റെ മരണം. യുകെ കോസ്റ്റലിന് സമീപത്തായിരുന്നു ട്രെയിനിങ്. ബല്‍രാജിനെ കാണാനില്ലെന്ന് മാര്‍ച്ച് 16 നാണ് ഷിപ്പിങ് കമ്പനി പിതാവ് വിക്രം ജീത്തിനെ അറിയുക്കുന്നത്. ഉടന്‍ തന്നെ അദ്ദേഹം ലണ്ടനിലേക്ക് പുറപ്പെട്ടു. യാത്രാമധ്യേയാണ് മകന്‍ മരണപ്പെട്ടെന്നും ആത്മഹത്യയാണെന്നുമുള്ള വിവരം നേവി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. എന്നാല്‍ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു കൊലപാതകമായിരിക്കുമെന്നുമാണ് വിക്രം ജീത്ത് ആരോപിക്കുന്നത്. മേലുദ്യോഗസ്ഥരാണ് മകന്‍റെ മരണത്തിന് കാരണമെന്നും ഉദ്യോഗസ്ഥര്‍ മകനെ അധിക്ഷേപിക്കാറുണ്ടെന്ന് വ്യക്തമാകുന്ന വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിക്രം ജീത്ത് പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങളും തന്‍റെ ആശങ്കകളും പങ്കുവെച്ചപ്പോള്‍ ക്യാപ്റ്റന്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു എന്നാണ് വിക്രം ജീത്തിന്‍റെ ആരോപണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം