അമിര്‍ചന്ദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വിലകൂടി ടെന്റുകളും സ്ലീപ്പിംഗ് ബാഗുകളും മാവോയിസ്റ്റ് ലഘുലേഖകളും 3.25 ലക്ഷം രൂപയും കണ്ടെടുത്തു. ബിഎംഡബ്ല്യു കാറും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.
റാഞ്ചി: ഝാര്‍ഖണ്ഡില്‍ (Jharkhand) ആയുധങ്ങള്‍ ( Weapon) വിതരണം ചെയ്യാന്‍ മാവോയിസ്റ്റ് നേതാക്കള്‍ (Maoists) ബിഎംഡബ്ല്യു, ഥാര്‍ (BMW, THar) തുടങ്ങിയ ആഡംബര കാറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് അറസ്റ്റിലായ അംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നരക്കോടി വരെ വില വരുന്ന കാറുകളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക മുതലാളിമാരില്‍ നിന്നും വലിയ ലെവി വാങ്ങിയാണ് മാവോയിസ്റ്റ് നേതാക്കള്‍ കാറുകളും ആയുധങ്ങളും വാങ്ങുന്നത്. മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ചിലരെ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
റാഞ്ചിയിലെ ധാബയില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡിനിടെയാണ് പിഎല്‍എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സിം കാര്‍ഡുകള്‍ വാങ്ങാനെത്തിയ അമിര്‍ചന്ദ് കുമാര്‍, ആര്യ കുമാര്‍ സിംഗ്, ഉജ്വല്‍ കുമാര്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന നിവേശ് കുമാര്‍, ശുഭം കുമാര്‍, ധ്രുവ് കുമാര്‍ എ ബിഎംഡബ്ല്യു കാറിലും ഥാര്‍ ജീപ്പിലും രക്ഷപ്പെട്ടു. പിഎല്‍എഫ്ഐ തലവന്‍ ദിനേശ് ഗോപ്പിന്റെ സ്‌ക്വാഡിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അമിര്‍ചന്ദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വിലകൂടി ടെന്റുകളും സ്ലീപ്പിംഗ് ബാഗുകളും മാവോയിസ്റ്റ് ലഘുലേഖകളും 3.25 ലക്ഷം രൂപയും കണ്ടെടുത്തു. ബിഎംഡബ്ല്യു കാറും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിനേഷ് ഗോപിനുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ആയുധങ്ങള്‍ കടത്താനും മാവോയിസ്റ്റുകള്‍ക്ക് എത്തിക്കാനും ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.