കൊവിഡ് മുക്തനായ ആളെയും കൊണ്ട് വനിതാ ഓട്ടോ ഡ്രൈവര്‍ താണ്ടിയത് 140 കിലോമീറ്റര്‍; ഒടുവിൽ പാരിതോഷികം

By Web Team  |  First Published Jun 12, 2020, 4:39 PM IST

കൊവിഡ് -19 രോഗിയായിരുന്ന ആളെ ഇംഫാലിലെ ജെ‌എൻ‌ഐ‌എം‌എസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം 140 കിലോമീറ്റർ അകലെയുള്ള കാംജോംഗ് ജില്ലയിലേക്കാണ് ഇവർ കൊണ്ടുപോയത്. 


ഇംഫാൽ: കൊവിഡ് മുക്തനായ ആളെയും കൊണ്ട് വനിതാ ഡ്രൈവര്‍ ഓട്ടോ ഓടിച്ചത് 140 കിലോമീറ്റര്‍. മണിപ്പൂരിലെ ലൈബി എന്ന ഓട്ടോ ഡ്രൈവറാണ് ഈ മാതൃകാപരമായ കാര്യം ചെയ്തത്. മണിപ്പൂര്‍ ഹില്‍ടൗണില്‍ നിന്ന് എട്ട് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് തയ്യാറായ ലൈബിയെ സര്‍ക്കാര്‍ പാരിതോഷികം നല്‍കി അനുമോദിച്ചു. ഒരുലക്ഷത്തി പതിനായിരം രൂപയാണ് പാരിതോഷിക തുക.

കൊവിഡ് -19 രോഗിയായിരുന്ന ആളെ ഇംഫാലിലെ ജെ‌എൻ‌ഐ‌എം‌എസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം 140 കിലോമീറ്റർ അകലെയുള്ള കാംജോംഗ് ജില്ലയിലേക്കാണ് ഇവർ കൊണ്ടുപോയത്. ഇതിന് പിന്നാലെ പാരിതോഷികവുമായി സർക്കാർ രം​ഗത്തെത്തുകയായിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി എ ബൈറന്‍ സിങിന്റെയും എഎംഎല്‍എമാരുടെയും നേതൃത്വത്തിലായിരുന്നു പാരിതോഷിക വിതരണം. 

Latest Videos

അമേരിക്കയിലെയും ബ്രിട്ടനിലെയും സിംഗപ്പൂരിലെയും പ്രവാസികള്‍ക്കൊപ്പം മണിപ്പൂരിലെ സംരംഭകരും ചേര്‍ന്നാണ് പണം നല്‍കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ പാംഗെ ബസാറിലെ താമസക്കാരിയാണ് ലൈബി. ഇവർക്ക് രണ്ട് മക്കളുണ്ട്. 

ലൈബിയുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ഓട്ടോ ഡ്രൈവര്‍' എന്ന ഹൃസ്വചിത്രം 2015 ലെ 63ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിലെ നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സാമുഹ്യ പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. 

click me!