താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ സാധിക്കാതെ പ്രതി ബാൽക്കണിയുടെ താഴെ തൂങ്ങിക്കിടക്കുകയായിരുന്നു. ഇതോടെ പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർ രക്ഷാപ്രവർത്തകരായി.
മുംബൈ: ലഹരിക്കടത്ത് കേസിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പ്രതി പത്താം നിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് നാടകീയ രംഗങ്ങളിൽ കലാശിച്ചു. വൻ പൊലീസ് സന്നാഹവും അഗ്നിശമന സേനയും ഉൾപ്പെടെ എത്തിയാണ് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന്റെ ജീവൻ രക്ഷിച്ചത്. എല്ലാത്തിനുമൊടുവിൽ ഇയാളെ പൊലീസ് പിടികൂടി കൊണ്ടുപോവുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. കശ്മീര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെ തേടി ഹൈദരാബാദ് പൊലീസാണ് മുംബൈയിലെത്തിയത്. അന്വേഷണത്തിനൊടുവിൽ പൊലീസുകാർ യുവാവ് താമസിക്കുന്ന അപ്പാർട്ട്മെന്റ് കണ്ടെത്തി. രാവിലെ 11 മണിയോടെ ഇയാളെ പിടികൂടാൻ പൊലീസുകാർ അകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതി ബാൽക്കണിയിലൂടെ താഴേക്കിറങ്ങാൻ ശ്രമം നടത്തിയത്.
undefined
പത്താം നിലയിൽ നിന്ന് തൊട്ടുതാഴേക്ക് ഇറങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിചാരിച്ചത് പോലെ താഴേക്ക് പോകാൻ കഴിഞ്ഞില്ല. ഒടുവിൽ കൈവരിയിൽ തൂങ്ങി നിന്നു. മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ സാധിക്കാതെ കുടുങ്ങി. ഇങ്ങനെ തൂങ്ങി നിൽക്കുന്ന വീഡിയോയും ചിലർ പകർത്തി. യുവാവിന്റെ ജീവൻ അപകടത്തിലാവുന്ന സ്ഥിതി വന്നതോടെ പൊലീസുകാർ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. പിന്നാലെ വൻ പൊലീസ് സന്നാഹവും അഗ്നിശമന സേനയും എത്തി.
യുവാവ് താഴേക്ക് വീഴാതിരിക്കാനായി ആദ്യം സുരക്ഷാ വല സ്ഥാപിച്ചു. തൂങ്ങിക്കിടക്കുന്ന സ്ഥലത്തെ ഒരു വാതിൽ തകർത്ത് അടുത്തേക്ക് എത്തിയ ഉദ്യോഗസ്ഥർ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കണമെന്ന് യുവാവിനോട് പറഞ്ഞു. ഇയാൾ സമ്മതിക്കുകയും ചെയ്തു. ഒടുവിൽ രക്ഷാപ്രവർത്തനം വിജയം കണ്ടു. യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. ശേഷം ഹൈദരാബാദ് പൊലീസിന് കൈമാറുകയും ചെയ്തു. തക്ക സമയത്ത് പൊലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിനുള്ള അഭിനന്ദനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം