ആംബുലൻസ് കിട്ടിയില്ല, പിതാവിന്റെ മൃതദേഹം മകൻ കാറിന് മുകളിൽ കെട്ടിവെച്ച് ശ്മശാനത്തിലേക്ക്; ഹൃദയഭേദകം ഈ കാഴ്ച

By Web Team  |  First Published Apr 26, 2021, 12:24 PM IST

ന​ഗരത്തിൽ പ്രതിദിനം ആറായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് 35 പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി. 


ആ​ഗ്ര: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ലഭിക്കാത്തത് കൊണ്ട് കാറിന് മുകളിൽ മൃതദേഹം കെട്ടിവെച്ച് ശ്മശാനത്തിലെത്തിച്ച് മകൻ. ആ​ഗ്രയിലെ മോക്ഷദാമിൽ നിന്നാണ് ഹൃദയഭേദകമായ ഈ കാഴ്ച. ശ്മശാനത്തിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. ഇതുപോലെ നിരവധി ദുരിതക്കാഴ്ചകളാണ് കൊവിഡ് രോ​ഗബാധയെത്തുടർന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശ്മശാനത്തിലുണ്ടായിരുന്ന നിരവധി പേരാണ് ഈ കാഴ്ച കണ്ട് കണ്ണീരൊഴുക്കിയത്. കൊവിഡിന്റെ വർദ്ധനവ് ആ​ഗ്രയിലെ അടിസ്ഥാന സൗകര്യങ്ങളെ വരെ തകിടം മറിച്ചിരിക്കുകയാണ്. 

ന​ഗരത്തിൽ പ്രതിദിനം ആറായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് 35 പേർ മരിച്ചതായി അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ട്പോകാൻ ആംബുലൻസ്  ലഭിക്കാത്ത സാഹചര്യത്തിൽ ആറ് മണിക്കൂർ വരെയാണ് ജനങ്ങൾ മൃതദേഹവുമായി കാത്തിരിക്കേണ്ടി വരുന്നത്. 

Latest Videos

ആ​ഗ്രയിലെ സ്വകാര്യ ആശുപത്രികൾ രോ​ഗികളെ പ്രവേശിപ്പിക്കുന്നില്ല. മെയിൻപുരി, ഫിറോസാബാദ്, മഥുര എന്നിവിടങ്ങളിലെ ​ഗുരുതരരോ​ഗികളെ ന​ഗരത്തിലേക്കാണ് അയക്കുന്നത്. മെയിൻപുരിയിൽ ഒരു ദിവസം 369 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആ​ഗ്രയിൽ കൊവിഡ് കേസുകളുടെ എണ്ണവും മരണ നിരക്കും കുത്തനെ വർദ്ധിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകനായ യോ​ഗേഷ് മൽഹോത്രയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 

click me!