കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ തിരഞ്ഞ് അച്ഛന്‍; ട്രെയിന്‍ ദുരന്തത്തിലെ കണ്ണീര്‍ക്കാഴ്ച

By Web Team  |  First Published Jun 3, 2023, 1:16 PM IST

മകനെ ഒരുപാട് തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. സുഖോയിലാണ് വീടെന്നും പൊലീസുകാരോട് അന്വേഷിച്ചിട്ട് ഫലമുണ്ടായില്ലെന്നും ഇയാള്‍ കണ്ണീരോടെ പറയുന്നു.


ഭുവനേശ്വര്‍: ഒഡിഷയിലെ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ കാണാതായ മകനെ മൃതദേഹങ്ങള്‍ക്കിടയില്‍ തിരഞ്ഞ് പിതാവ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആരെയും കണ്ണീരണിയിക്കുന്നതാണ് ദൃശ്യങ്ങള്‍. കോറമണ്ഡല്‍ എക്സ്പ്രസിലാണ് മകനുണ്ടായിരുന്നതെന്നും അപകടത്തിന് ശേഷം കാണാനില്ലെന്നും ഇയാള്‍ പറയുന്നു. മകനെ ഒരുപാട് തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. സുഖോയിലാണ് വീടെന്നും പൊലീസുകാരോട് അന്വേഷിച്ചിട്ട് ഫലമുണ്ടായില്ലെന്നും ഇയാള്‍ കണ്ണീരോടെ പറയുന്നു. ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ധൈര്യമായിരിക്കാനും മകന്‍ ജീവനോടെ തിരിച്ചെത്തുമെന്നും മാധ്യമപ്രവര്‍ത്തകന്‍ സമാധാനപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

ഇന്നലെ വൈകീട്ട് 6.55 നാണ് ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. ഈ പാളം തെറ്റിയ ബോഗികളിലേക്ക് 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 

രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ് ബാലസോറിൽ വെച്ച് അപകടത്തിൽപ്പെട്ടത്. രക്ഷാദൗത്യം അന്തിമഘട്ടത്തിലാണെന്നും ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ അറിയിച്ചു.  രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. റെയിൽവേ മന്ത്രി അശ്വനിവൈഷ്ണവ് അപകടം നടന്ന സ്ഥലത്തുണ്ട്.  അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്നും എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 

ഒഡിഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ മലയാളികളും; ഞെട്ടൽ മാറാതെ, ദുരന്തം വിവരിച്ച് യാത്രക്കാർ

click me!