'ഫുഡ് സേഫ്റ്റി ഓഫീസർ' ഭക്ഷണം കഴിച്ചിട്ട് ചോദിച്ചത് ഗൂഗിൾ പേയിൽ 10,000 രൂപ; ഹോട്ടലുടമ അതിലും മിടുക്കൻ

By Web TeamFirst Published Dec 4, 2023, 1:49 PM IST
Highlights

ഹോട്ടലില്‍ ഉടമ ഇല്ലാത്ത സമയത്താണ് 'ഭക്ഷ്യ സുരക്ഷാ ഓഫീസര്‍' എത്തിയത്. ജീവനക്കാര്‍ ഉടമയോട് ചോദിച്ചിട്ട് പണം തരാമെന്ന് അറിയിച്ചു. ഗൂഗിള്‍ പേയില്‍ അയക്കാനായിരുന്നു നിര്‍ദേശം. 

ചെന്നൈ: ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ചമഞ്ഞ് റസ്റ്റോറന്റില്‍ പരിശോധന നടത്തുകയും പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുച്ചറപ്പള്ളി തിരുവെരുമ്പൂര്‍ സ്വദേശിയായ എസ്. തിരുമുരുകന്‍ (44) ആണ് അറസ്റ്റിലായത്. ഇയാള്‍ 2018 വരെ കല്‍പ്പാക്കം അറ്റോമിക് പവര്‍ സ്റ്റേഷനിലെ ജീവനക്കാരനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്ത് തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. മന്നചനല്ലൂര്‍ ജില്ലയിലെ ഒരു റസ്റ്റോറന്റിലാണ് ഇയാള്‍ എത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഓഫീസറാണെന്ന് പരിചയപ്പെടുത്തി. തുടര്‍ന്ന് റസ്റ്റോറന്റില്‍ നിന്ന് കുറച്ച് ഭക്ഷണം കഴിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം ഇവിടെ നിയമ ലംഘനങ്ങളുണ്ടെന്നും ഒരു ലക്ഷം രൂപയോളം പിഴ അടയ്ക്കേണ്ടി വരുമെന്നും ജീവനക്കാരോട് പറഞ്ഞു.

Latest Videos

പിന്നീട് സംസാരിച്ചപ്പോള്‍ 10,000 രൂപ കൈക്കൂലി നല്‍കിയാല്‍ പിഴ ഒഴിവാക്കാമെന്ന് സമ്മതിച്ചു. റസ്റ്റോറന്റ് ഉടമയുമായി സംസാരിച്ച് പണം നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞു. ഗൂഗിള്‍ പേ വഴി പണം അയക്കാനായിരുന്നു ഇയാളുടെ നിര്‍ദേശം. ജീവനക്കാരില്‍ നിന്ന് വിവരമറിഞ്ഞ റസ്റ്റോറന്റ് ഉടമ ഇയാള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ യഥാര്‍ത്ഥ ഉദ്യോഗസ്ഥന്‍ തന്നെയാണോ എന്ന് സ്വന്തമായി ഒരു അന്വേഷണം നടത്തി. ഇതിലാണ് ആള്‍ വ്യാജനാണെന്ന് കണ്ടെത്തിയത്. ഇതോടെ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

വ്യാജ ഭക്ഷ്യ സുരക്ഷാ ഓഫീസറെ കണ്ടെത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് പൊലീസ് അന്വേഷിച്ചത്. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.  ചോദ്യം ചെയ്തപ്പോള്‍ നാമക്കല്‍ സ്വദേശിയാണെന്നും മന്നചനല്ലൂരില്‍ ഒരു ഐഎഎസ് അക്കാദമിയില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

click me!