മൂന്ന് ദിവത്തിനിടെ 10 കാട്ടാനകൾ ചെരിഞ്ഞ പ്രദേശത്ത് അക്രമാസക്തരായി മറ്റ് കാട്ടാനകൾ; 65കാരനെ കൊലപ്പെടുത്തി

By Web Team  |  First Published Nov 2, 2024, 2:16 PM IST

13 കാട്ടാനകളുണ്ടായിരുന്ന കൂട്ടത്തിൽ ഇനി 3 കാട്ടാനകൾ മാത്രമാണ് അവശേഷിക്കുന്നത്. 


ഭോപ്പാൽ: മൂന്ന് ദിവസത്തിനുള്ളിൽ 10 കാട്ടാനകൾ ചെരിഞ്ഞ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് (ബിടിആർ) സമീപം കാട്ടാനകളുടെ ആക്രമണം. ബഫർ സോണിന് പുറത്ത് നടന്ന കാട്ടാനകളുടെ ആക്രമണത്തിൽ ഒരു വയോധികൻ മരിച്ചെന്ന് അധികൃതർ അറിയിച്ചു. റാംരതൻ യാദവ് (65) ആണ് മരിച്ചത്. 

ദേവ്ര ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഉമരിയ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) വിവേക് ​​സിംഗ് പറഞ്ഞു. മൂന്ന് ദിവസത്തിനിടെ 10 ആനകളാണ് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ചെരിഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കടുവാ സങ്കേതത്തിന്റെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും നാല് കാട്ടാനകളാണ് ചെരിഞ്ഞത്. സമാനമായ രീതിയിൽ ബുധനാഴ്ചയും നാല് കാട്ടാനകൾ ചെരിഞ്ഞു. വ്യാഴാഴ്ച രണ്ട് കാട്ടാനകൾ കൂടി ചെരിഞ്ഞതോടെ 13 കാട്ടാനകളുണ്ടായിരുന്ന കൂട്ടത്തിൽ ഇനി മൂന്ന് കാട്ടാനകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 

Latest Videos

അവശേഷിക്കുന്ന മൂന്ന് കാട്ടാനകളാണോ മനുഷ്യനെ കൊലപ്പെടുത്തിയതെന്ന് ചോദിച്ചപ്പോൾ അവയുടെ സ്വഭാവം എന്താണെന്ന് കണ്ടെത്തുക ഏറെ പ്രയാസമാണെന്നായിരുന്നു ബിടിആർ ഉദ്യോഗസ്ഥന്റെ മറുപടി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമേ ഉത്തരം കണ്ടെത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടത്തിൽ അവശേഷിക്കുന്ന മൂന്ന് കാട്ടാനകൾ കട്‌നി ജില്ലയിലെ വനമേഖലയിലേക്ക് നീങ്ങുന്നത് കണ്ടതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് അസാധാരണമാണെന്നും ഇതിന് മുമ്പ് ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. 

READ MORE: വേണ്ടി വന്നാൽ ഇറാനിൽ എവിടെയും എത്തിച്ചേരാൻ ഇസ്രായേലിന് കഴിയും; മുന്നറിയിപ്പുമായി നെതന്യാഹു

click me!