"ഇപ്പോൾ, എന്റെ കുട്ടികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം കിണറ്റിൽ നിന്ന് വെള്ളം കൊണ്ടുവരാൻ കഴിയും," ദേവകെ സന്തോഷത്തോടെ പറഞ്ഞു.
മുംബൈ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ആളുകളെല്ലാം മുഴുവൻ സമയവും വീടുകളിൽ തന്നെ കഴിയുകയാണ്. ഈ സമയങ്ങളിൽ പലതരത്തിലുള്ള വിനോദങ്ങളിലും മറ്റ് പ്രവൃത്തികളിലും ഏർപ്പെടുകയാണ് ജനങ്ങൾ. അത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. എന്നാൽ, ഇവയിൽ നിന്നെല്ലാം വ്യത്യസ്ഥമായി തങ്ങളുടെ കിണറെന്ന സ്വപ്നം യാഥാർത്ഥ്യം ആക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു അച്ഛനും മകനും.
നാന്ദേഡ് ജില്ലയിലെ മുൽസാര ഗ്രാമത്തിലെ സിദ്ധാർത്ഥ് ദേവകെയും മകനുമാണ് തങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. 16 അടി താഴ്ചയിലാണ് ഇവർ കിണർ കുഴിച്ചത്. ലോക്ക്ഡൗണിൽ ജോലി നിർത്തിവച്ചതിനെത്തുടർന്ന് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉടലെടുക്കുകയായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ സിദ്ധാർത്ഥ് ദേവകെ പറയുന്നു. ഇതിൽ നിന്നാണ് കിണർ എന്ന സ്വപ്നം യാഥാർത്ഥ്യമായതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളം എടുക്കുന്നതിന് ഗ്രാമത്തിലെ കുറച്ച് അകലെയുള്ള ഒരു ജല സ്രോതസിനെയാണ് ഇവർ ആശ്രയിച്ചിരുന്നത്. ദേവകെ നിലം കുഴിക്കുമ്പോൾ കൗമാരക്കാരനായ മകൻ പങ്കജ് കുഴിയിൽ ഇറങ്ങി ചെളി വൃത്തിയാക്കും. മൂന്ന് നാല് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് കിണറിൽ വെള്ളം കണാനായതെന്നും ദേവകെ പറയുന്നു."ഇപ്പോൾ, എന്റെ കുട്ടികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം കിണറ്റിൽ നിന്ന് വെള്ളം കൊണ്ടുവരാൻ കഴിയും," അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.