സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര

By Web Team  |  First Published Apr 5, 2024, 7:27 PM IST

130 കിലോമീറ്റർ വേഗതയിൽ ഓടിയ ട്രെയിൻ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാൺപൂരിലെത്തിയത്. ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോൾ മുകളിൽ ഒരാൾ കിടക്കുന്നത് കണ്ട് പ്ലാറ്റ്ഫോമിലുള്ള യാത്രക്കാര്‍ ഞെട്ടി.


കാൺപുർ: ട്രെയിനിന്‍റെ മുകളില്‍ കിടന്ന് അഞ്ച് മണിക്കൂറോളം യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. ഹംസഫർ എക്‌സ്‌പ്രസ് ട്രെയിനിന്‍റെ റൂഫിൽ കിടന്ന് ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് യാത്ര ചെയ്ത ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശി ദിലീപ് കുമാര്‍ (30)ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ദില്ലിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ സുഹൃത്തുക്കളോടൊപ്പമാണ് ദിലീപ് യാത്ര ചെയ്യാൻ എത്തിയത്. എന്നാല്‍, ലഭ്യമല്ലാത്തതിനാൽ ട്രെയിനിന്‍റെ മുകളിൽ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

130 കിലോമീറ്റർ വേഗതയിൽ ഓടിയ ട്രെയിൻ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാൺപൂരിലെത്തിയത്. ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോൾ മുകളിൽ ഒരാൾ കിടക്കുന്നത് കണ്ട് പ്ലാറ്റ്ഫോമിലുള്ള യാത്രക്കാര്‍ ഞെട്ടി. തുടര്‍ന്ന് റെയിൽ പാളത്തിന് മുകളിലുള്ള ഇലക്‌ട്രിക് ലൈനുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇയാളെ സുരക്ഷിതമായി താഴെയിറക്കാൻ വിവരം അറിഞ്ഞെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ ശ്രമം ആരംഭിച്ചു.

Latest Videos

എന്നാൽ, ദിലീപ് ഇറങ്ങിവരാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ യുവാവിനെ താഴെയിറക്കാൻ  ട്രാക്കിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ഒടവിൽ ദിലീപിനെ താഴെ ഇറക്കുകയും ചെയ്തു. തുടർന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി. കാൺപൂർ സെൻട്രലിലെ ഒരു ട്രെയിൻ കോച്ചിന്‍റെ റൂഫില്‍ കിടക്കുന്നതായാണ് യുവാവിനെ കണ്ടതെന്ന് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അനിൽ ശർമ പറഞ്ഞു.

റെയിൽവേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് ഇയാളെ താഴെയിറക്കുകയായിരുന്നു. തുടർന്ന് പ്രയാഗ്‌രാജിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിനിനുള്ളിൽ സീറ്റ് ലഭ്യമല്ലാത്തതിനാലാണ് മുകളിൽ കയറി യാത്ര ചെയ്തതെന്നാണ് ചോദ്യം ചെയ്യലിൽ ദിലീപ് കുമാർ വെളിപ്പെടുത്തിയത്. കാലാവസ്ഥ നല്ലതായിരുന്നതിനാല്‍ യാത്ര സുഖകരമായിരുന്നുവെന്നും ദിലീപ് പറഞ്ഞുവെന്ന് അനിൽ ശര്‍മ പറഞ്ഞു. 

ശശാങ്കിനെ അബദ്ധത്തിൽ ലേലം വിളിച്ചതും താരത്തിന്‍റെ കിടിലൻ പ്രകടനവും; ഒടുവിൽ മനസ് തുറന്ന് പ്രീതി സിന്‍റ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!