കർണാടക തുംകൂരു ജില്ലയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ സഹായ അഭ്യർത്ഥനയുമായി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ബംഗലൂരു: കേരളവും കർണാടകവും സമ്പൂർണമായും അടച്ചിട്ടതോടെ കർണാടകത്തിലെ വിവിധ കോളജുകളില്‍ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍. നേഴ്സിംഗ് വിദ്യാർത്ഥിനികളെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കോളേജ് അധികൃതർ കൊവിഡ് ആശുപത്രികളില്‍ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്. ചില വിദ്യാർത്ഥികൾക്ക് രോഗവും പിടിപെട്ടു.
കർണാടക തുംകൂരു ജില്ലയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ സഹായ അഭ്യർത്ഥനയുമായി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 25 മലയാളി വിദ്യാർത്ഥിനികളാണ് ഈ കോളേജില്‍ മാത്രം കൊവിഡ് കാലത്ത് കുടങ്ങി പോയത്. നാട്ടലേക്ക് മടങ്ങാന്‍ കോളേജധികൃതർ അനുവദിക്കുന്നില്ലെന്നാണ് പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ തങ്ങളെ നിർബന്ധിച്ച് ആശുപത്രികളില്‍ ജോലിയെടുപ്പിക്കുന്നു.
undefined
നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടുപേർ കോളേജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് സർവകലാശാല സർക്കുലറുണ്ടെന്നാണ് കോളേജധികൃതർ പറയുന്നത്. എന്നാല്‍ സർക്കുലർ പ്രകാരം അത്യാവശ്യ സന്ദർഭങ്ങളില്‍ മാത്രമേ ഓഫ്ലൈന്‍ ക്ലാസുകൾ നടത്താവൂ. വിഷയത്തില്‍ ശ്രീദേവി കോളേജ് അധികൃതര്‍ക്കെതിരെ പ്രതികരണത്തിനായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിന്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാല്‍ പലരും പരസ്യമായി പറയാന്‍ ഭയപ്പെടുകയാണ്. സർക്കാർ അടിയന്തിരമായി വിഷയത്തില്‍ ഇടപെടുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona